ലക്നൗ: 21 വയസ്സിനിടെ പല പേരുകളിൽ പല സംസ്ഥാനങ്ങളിൽ 12 വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന യുവതി അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശി ഗുൽഷാന റിയാസ് ഖാനാണ് പിടിയിലായത്. 4 സ്ത്രീകളും 4 പുരുഷന്മാരും ഉൾപ്പെടുന്ന എട്ടംഗ സംഘമാണ് ഗുൽഷാനയ്ക്കൊപ്പം തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മാട്രിമോണിയൽ സൈറ്റുകളിലൂടെ വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഗുൽഷാന
ക്കു വരനെത്തേടി പരസ്യം ചെയ്യുകയാണ് ആദ്യ പരിപാടി. തുടർന്നു വിവാഹം നടത്തും.
വിവാഹ ചടങ്ങുകൾ കഴിയുന്നതോടെ സംഘാംഗങ്ങൾ വരൻ്റെ വീട്ടിൽ ബൈക്കുകളിലെത്തി നാടകീയ രംഗങ്ങൾ സൃഷ്ടിച്ച ശേഷം ഗുൽഷാനയെ തട്ടിക്കൊണ്ടു പോകും. വരന്റെ ആഭരണങ്ങൾ ഉൾപ്പെടെ തട്ടിയെടുത്ത ശേഷമാകുമിത്. വരനും വീട്ടുകാരും എത്ര തിരഞ്ഞാലും ഇവരെ കണ്ടെത്താനാകില്ല. കുറച്ച് ദിവസങ്ങൾക്കു ശേഷം മറ്റൊരു പേരിൽ ഇവർ വീണ്ടും തട്ടിപ്പിനിറങ്ങും.
ഏറ്റവുമൊടുവിൽ ഹരിയാണയിൽ നടത്തിയ വിവാഹത്തിനു ശേഷം രക്ഷപ്പെടുന്നതിലുണ്ടായ ചെറിയൊരു പിഴവാണ് ഇവരെ കുടുക്കിയത്. സോനു എന്നയാളുമായിട്ടായിരുന്നു ഗുൽഷാനയുടെ ആ വിവാഹം. ചടങ്ങുകൾക്കു ശേഷം 80,000 രൂപയുമായി സംഘം കടന്നു കളഞ്ഞു. എന്നാൽ വധുവിനെ കാണാതായതിനു പിന്നാലെ സോനു പൊലീസിന്റെ സഹായം തേടി. ഇതോടെ മേഖലയിലേക്കുള്ള പ്രവേശന റോഡുകൾ അടച്ച് പൊലീസ് നടത്തിയ പരിശോധനയിൽ സംഘത്തിലെ ഒരാൾ പിടിയിലായി. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളാണ് ഗുൽഷാനയുടെയും സംഘത്തിന്റെയും അറസ്റ്റിനു വഴിയൊരുക്കിയത്. 72,000 രൂപ, സ്വർണ താലിമാല, ബൈക്ക്, 11 മൊബൈൽ ഫോണുകൾ, 3 വ്യാജ ആധാർകാർഡുകൾ എന്നിവ ഇവരിൽ നിന്നു പിടിച്ചെടുത്തു.
കൃത്യമായ ആസൂത്രണത്തോടെ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇവർ തട്ടിപ്പു നടത്തിയിരുന്നത്.
ഗുജറാത്തിൽ കാജൽ, ഹരിയാണയിൽ സീമ, ബിഹാറിൽ നേഹ, ഉത്തർപ്രദേശിൽ സ്വീറ്റി എന്നിങ്ങനെ പല പേരുകളിലും മേൽവിലാസങ്ങളിലും ഗുൽഷാനയെ വധുവായി അവതരിപ്പിച്ചാണ് സംഘം തട്ടിപ്പു നടത്തിയിരുന്നത്. കുടുംബങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റി വിവാഹം ഉറപ്പിക്കുകയായിരുന്നു സംഘത്തിലെ സ്ത്രീകളുടെ കടമ. മോഷണവസ്തുക്കളുമായി ഗുൽഷാനയെ രക്ഷപ്പെടുത്താൻ കളമൊരുക്കുകയാണ് പുരുഷന്മാരുടെ ദൗത്യം.
ജൗൻപുരിലെ തയ്യൽ തൊഴിലാളിയായ റിയാസ് ഖാനെ ഗുൽഷാന നിയമപരമായി വിവാഹം ചെയ്തിട്ടുണ്ട്. ഇയാളുടെ അറിവോടെയാണ് തട്ടിപ്പെന്നും കവർന്നെടുക്കുന്ന പണത്തിന്റെ ഓഹരി ഇയാളും കൈപ്പറ്റിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
