കണ്ണൂർ: ആറളം ഫാമിലെ രൂക്ഷമായ കാട്ടാന ശല്യത്തിനു പരിഹാരം കാണാൻ കർശന നടപടികളുമായി വനം വകുപ്പ്. ഫാമിൽ നിന്നു ഒറ്റ ദിവസം കൊണ്ട് 22 ആനകളെ കാട്ടിലേക്കു തുരത്തി. വട്ടാക്കാട് മേഖലയിൽ നിന്നും 3 കുട്ടിയാനകളും ഒരു കൊമ്പനും ഉൾപ്പെടെ 18 ആനകളെ തുരത്തി. ബ്ലോക്ക് ആറിലെ ഹെലിപാഡിൽ നിന്നു ഒരു കുട്ടിയാന ഉൾപ്പെടെ 4 ആനകളെയും തുരത്തി. ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള 25 അംഗ ദൗത്യസംഘമാണ് നടപടികൾക്കു നേതൃത്വം നൽകിയത്. ആറളം ഫാമിൽ ഇനിയും അറുപതോളം കാട്ടാനകളുണ്ടെന്നാണ് കണക്ക്. ഫെബ്രുവരിയിൽ കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളെ ആന ചവിട്ടികൊന്നിരുന്നു. ഇതിനു പിന്നാലെയാണ് ആനകളെ തുരത്താൻ വനം വകുപ്പ് നടപടികൾ ആരംഭിച്ചത്. നേരത്തേ ഹൈക്കോടതിയും പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് നിർദേശിച്ചിരുന്നു.
