കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഇരിട്ടി കല്ലുമുട്ടിയിലെ ആന്റോ വര്‍ഗീസ് കാവുങ്കലിന്റെ വീട്ടില്‍ നിന്ന് 20 പവനും 18,000 രൂപയും കവര്‍ച്ച ചെയ്ത പതിനേഴുകാരന്‍ പിടിയില്‍. ഇരിട്ടി ഡിവൈ.എസ്.പി പി.കെ.ധനഞ്ജയബാബുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണനും എസ്.ഐ കെ.ഷറഫുദീനും ചേര്‍ന്നാണ് കൗമാരക്കാരനെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കവര്‍ച്ച നടന്നത്. രാവിലെ വീട്ടുകാര്‍ വീടു പൂട്ടി മറ്റൊരു സ്ഥലത്ത് പോയി വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇലക്ട്രിക്ക് സ്‌കൂട്ടിയിലാണ് കവര്‍ച്ചക്കാരന്‍ വന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരന്‍ പിടിയിലായത്.
സാമാന്യം ഭേദപ്പെട്ട സാമ്പത്തിക നിലയിലുള്ള കുടുംബത്തിലെ അംഗമാണ് കൗമാരക്കാരന്‍. വീട്ടുകാര്‍ ഇയാള്‍ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടി വാങ്ങി നല്‍കിയിരുന്നു. ഇതിന്റെ ബാറ്ററി തകരാറായി. ബാറ്ററി വാങ്ങിക്കാന്‍ 46,000 രൂപ വേണം. ഇതിനുവേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നു അറസ്റ്റിലായ പ്രതി പൊലീസിനു മൊഴി നല്‍കി. 20 പവന്‍ കവര്‍ന്ന് പത്ത് പവന്‍ വീട്ടില്‍ തന്നെ ഉപേക്ഷിച്ചിരുന്നു. ബാക്കി പത്ത് പവനും 16,000 രൂപയും പൊലീസ് കണ്ടെടുത്തു. വീട്ടുകാരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം കൗമാരക്കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.
