തൃശൂർ: ആശ പ്രവർത്തകരുടെ സമരത്തെ പിന്തുണയ്ക്കുന്നതിനെതിരായ സർക്കാർ സമ്മർദത്തിനു വഴങ്ങാതെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാസാരാഭായ്. സമരത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം മല്ലികാ സാരാഭായ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 1000 രൂപ അയച്ചു കൊടുത്തായിരുന്നു ഉദ്ഘാടനം. നേരത്തേ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു ഇവരെ പിന്തിരിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പിന്നാലെ അതൃപ്തി പരസ്യമാക്കി മല്ലികാ സാരാഭായ് സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു.
ചാൻസലറായതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനും സ്വന്തം അഭിപ്രായം പറയുന്നതിലും വിലക്കേർപ്പെടുത്താൻ ശ്രമം നടക്കുന്നതായായിരുന്നു വെളിപ്പെടുത്തൽ. “എനിക്ക് എങ്ങനെ ഞാനല്ലാതെയാകാൻ കഴിയും ? ഞാൻ അങ്ങനെ ആഗ്രഹിക്കുക പോലും ചെയ്യുന്നുണ്ടോ ?” എന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
അതിനിടെ വേതനവർധന ഉൾപ്പെടെ ആവശ്യപ്പെട്ട് ആശ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്നിരുന്ന റിലേ നിരാഹാരസമരം അവസാനിപ്പിച്ചു. രാപകൽ സമരയാത്ര ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മേയ് 5നാണ് കാസർകോട് നിന്നു തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന സമരയാത്ര ആരംഭിക്കുക.
