കോഴിക്കോട്: ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ(36), ഹിമാൻ അലി(18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി 7 മണിയോടെ കോഴിക്കോട് ചാലപ്പുറത്താണ് സംഭവം. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. എന്നാൽ കുട്ടി നിലവിളിച്ചു കൊണ്ട് ഓടി രക്ഷപ്പെട്ടു. പിന്നാലെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതികളിലൊരാളുടെ ചെരിപ്പും പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
