കണ്ണൂര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ കൗമാര സുഹൃത്തുക്കള്‍ ചേര്‍ന്നു ഭര്‍ത്താവിനെ വെടിവച്ചു കൊന്ന കേസില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റു ചെയ്തു.
മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തു മിനി നമ്പ്യാരെ(42)യാണ് പരിയാരം എസ്എച്ച്ഒ എം.പി വിനീഷ് കുമാര്‍ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു. മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനെ ഭാര്യയുടെ ഒത്താശയോടെ വീട്ടില്‍ ഒളിച്ചിരുന്ന കൗമാര കാമുകന്‍ സന്തോഷാണ് വെടിവെച്ചു കൊന്നതെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട കൈതപ്രം സ്വദേശി കെ.കെ രാധാകൃഷ്ണന്‍ ഓട്ടോ ഡ്രൈവറായിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് മിനി. മിനിയുടെ കൗമാര സുഹൃത്തും രാധാകൃഷ്ണനെ വെടിവച്ച ആളുമായ സന്തോഷാണ് ഒന്നാം പ്രതി. വെടിവക്കുന്നതിനു തോക്കു നല്‍കിയ സിജോ ജോസഫ് രണ്ടാം പ്രതിയാണ്. കൈതപ്രത്തു രാധാകൃഷ്ണന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ കഴിഞ്ഞ മാര്‍ച്ച് 20ന് രാത്രിയാണ് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.

പഠനത്തിനു ശേഷം അടുത്തിടെ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് സന്തോഷും മിനിയും വീണ്ടും കണ്ടുമുട്ടിയതെന്നു പറയുന്നു. പിന്നീട് രാധാകൃഷ്ണന്റെ വീടു പണിക്കു സന്തോഷ് സഹായിയായി നിന്നു. ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാധാകൃഷ്ണനെ മറി കടന്നു സന്തോഷ് ഇടപെടാന്‍ തുടങ്ങിയതോടെ ഇരുവരും പരസ്പരം എതിര്‍പ്പിലായി. തുടര്‍ന്നു രാധാകൃഷ്ണനു നേരെ സന്തോഷ് ഭീഷണി ഉയര്‍ത്തി. ഭീഷണി അനിയന്ത്രിതമായതോടെ രാധാകൃഷ്ണന്‍ സന്തോഷിനെതിരെ പരിയാരം പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് ഇടപെട്ടതോടെ സന്തോഷ് കടുത്ത ഭീഷണി മുഴക്കുന്നുണ്ടെന്നു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നതായി നാട്ടുകാര്‍ ഓര്‍ക്കുന്നു.
കൊലപാതകം നടത്തുന്നതിന് അല്‍പം മുമ്പ് നിനക്ക് മാപ്പില്ലെന്നു സന്തോഷ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ഒന്നാം പ്രതിയായ സന്തോഷുമായി ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സന്തോഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.