കാസര്‍കോട്: ബന്ധുവിന്റെ താമസസ്ഥലത്ത് എത്തിയ അന്യസംസ്ഥാന തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ഗൗഗംഭാര് ബസമതാരി (25)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നീലേശ്വരം, ചായ്യോത്തെ ഒരു കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.
തളിപ്പറമ്പില്‍ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഞായറാഴ്ച ചായ്യോത്തു താമസിക്കുന്ന ബന്ധുവിന്റെ മുറിയില്‍ എത്തിയതായിരുന്നു. അന്നു രാത്രി ബന്ധുവും ബസമതാരിയും മറ്റു ഏതാനും പേരും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നതായി പറയുന്നു. അതിനു ശേഷം കാണാതായത്രെ. തളിപ്പറമ്പിലേക്ക് തിരികെ പോയിരിക്കാമെന്നാണ് ബന്ധു ഉള്‍പ്പെടെ ഉള്ളവര്‍ കരുതിയിരുന്നതെന്നു പറയുന്നു. ഇതിനിടയിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
