കണ്ണൂര്‍: കുട്ടിക്ക് തന്റെ നിറമില്ലെന്നു പറഞ്ഞ് ഭര്‍ത്താവു പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് യുവതി വീട്ടിനകത്തു തൂങ്ങി മരിച്ചു. ഇരിട്ടി, പായം, കേളന്‍പീടികയിലെ സ്നേഹാലയത്തില്‍ സ്നേഹ (25)യാണ് ജീവനൊടുക്കിയത്. നാലുവര്‍ഷം മുമ്പാണ് കോളിത്തട്ടിലെ ജിനീഷും സ്നേഹയും തമ്മില്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ ഉണ്ടായ കുട്ടിക്ക് തന്റെ നിറം ഇല്ലെന്നു ആരോപിച്ചാണ് പ്രധാനമായും പീഡിപ്പിച്ചിരുന്നതെന്നു സ്നേഹ എഴുതിവച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിടേണ്ടി വന്നിരുന്നതായും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലുണ്ട്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് ജിനീഷിനെ ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണന് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
