കാസര്‍കോട്: ഉദുമ, പാക്യാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിനു ഒരു കോടി രൂപ സംഭാവന നല്‍കിയ വിരോധത്തില്‍ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്ക് പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചുവെന്ന കേസിലെ പരാതിക്കാരനെ കാണാതായി. മകള്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാക്യാര, നസീര്‍ മന്‍സിലിലെ കെ.എം അബ്ദുല്ല ഹാജിയെ കാണാനില്ലെന്നു കാണിച്ച് മകള്‍ നസീമയാണ് പരാതി നല്‍കിയത്. ഏപ്രില്‍ 26ന് പുലര്‍ച്ചെ രണ്ടിനും അഞ്ചുമണിക്കും ഇടയിലാണ് പിതാവിനെ കാണാതായതെന്നു മകള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
പാക്യാര ജുമാമസ്ജിദിന്റെ പഴയ കമ്മിറ്റിക്കു ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തില്‍ നാട്ടിലെ ചിലര്‍ തന്നെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്നും കാണിച്ച് അബ്ദുല്ല ഹാജി നേരത്തെ പരാതി നല്‍കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. പരാതിയില്‍ ഏതാനും പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
അതേ സമയം കെ.എം അബ്ദുല്ലഹാജിക്കെതിരെ പള്ളി കമ്മിറ്റിയും ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച ജുമാ നിസ്‌കാര സമയത്ത് പള്ളിയിലെത്തിയ അബ്ദുല്ല ഹാജി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ റഷീദ് പള്ളം, ജമാഅത്ത് കമ്മിറ്റി അംഗം പി.എ ഇബ്രാഹിം എന്നിവരെ ചീത്ത വിളിക്കുകയും പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. അബ്ദുല്ല ഹാജി നേരത്തെ പള്ളിക്കു പുറത്താണ് പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പള്ളിക്കകത്തു തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു. അബ്ദുല്ല ഹാജി മുന്‍ കമ്മിറ്റിക്ക് സംഭാവനയായി നല്‍കിയെന്നു പറയുന്ന ഒരു കോടി രൂപ പുതിയ കമ്മിറ്റിക്ക് നല്‍കിയ പാസ്ബുക്കില്‍ ഇല്ലെന്നും ജനറല്‍ ബോഡി യോഗത്തിലും ഈ തുക നല്‍കിയ കാര്യം അറിയില്ലെന്നും പരാതിയില്‍ പറഞ്ഞു.
