വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞു ഉപഭോക്താക്കള്‍: മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷം പ്രഖ്യാപിച്ചത് കോടികളുടെ പദ്ധതികള്‍; നടപടി കടലാസില്‍

കുമ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രഖ്യാപിച്ച കോടികളുടെ പദ്ധതികള്‍ കടലാസിലൊതുങ്ങുന്നതായി ആക്ഷേപം. 2021 മുതല്‍ മൂന്നു വര്‍ഷക്കാലം ഇതു സംബന്ധിച്ച് എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ യോഗങ്ങളില്‍ കെഎസ്ഇബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജനങ്ങളുടെ ദുരിതം കേട്ടു സഹതപിച്ചു മടങ്ങുകയായിരുന്നു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 2021ല്‍ എടുത്ത നടപടികള്‍ പേരിലൊതുങ്ങി. ഉപ്പളയിലെ 33 കെവി സബ്‌സ്റ്റേഷന് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഏറ്റവും ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കുമ്പള സെക്ഷന്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ്, സീതാംഗോളി സെക്ഷന്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലമെടുപ്പ് എന്നിവയ്‌ക്കൊന്നിനും വേഗതയുണ്ടായില്ല.
സെക്ഷന്‍ ഓഫീസിന് കീഴിലുള്ള വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു വിവിധ പദ്ധതി മുഖേന ട്രാന്‍സ്‌ഫോര്‍മറുകളും, ത്രീഫേസ് ലൈനുകളും സ്ഥാപിക്കാനും തീരുമാനമെടുത്തിരുന്നു. ആ തീരുമാനവും പകുതി വഴിയിലാണ്.
2022ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ 42.39 കോടി രൂപ അനുവദിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എംഎല്‍എ യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ വൊര്‍ക്കാടി, ഉപ്പള പ്രദേശങ്ങളില്‍ സബ്‌സ്റ്റേഷന്‍ സാധ്യത പരിശോധിച്ചു വരികയാണെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു. ഈ പദ്ധതി ചാടിപ്പോകാനാവാത്ത വിധം ചുവപ്പു നാടയില്‍ വരിഞ്ഞുകെട്ടി വച്ചിരുന്നു.
കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി 2023-24-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുമെന്ന് പറഞ്ഞ പദ്ധതികള്‍ക്കൊന്നും ഇതുവരെ ജീവന്‍ വെച്ചിട്ടില്ല. 15.93 കിലോമീറ്റര്‍ 11 കെ വി ഒ എച്ച് ലൈനുകള്‍ സ്ഥാപിക്കുക, 20.62 കിലോമീറ്റര്‍ 11 കെ വി കണ്ടക്ടറിങ്ങ് നടത്തുക, 145 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതുതായി 11 കെ വി എബിസി കേബിളുകള്‍ സ്ഥാപിക്കുക, 300.87കിലോമീറ്റര്‍ എല്‍ ടി റീ കണ്ടക്ടറിങ്ങ് ചെയ്യുക എന്നീ പ്രവര്‍ത്തികളാണ് നടപ്പിലാക്കുമെന്ന് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അധികൃതര്‍ പറയുന്ന വിശദീകരണം ഇതില്‍ 15 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞുവെന്നാണ്. എന്നിട്ടും എന്തേ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ആകുന്നില്ലെന്ന് ഉപഭോക്താക്കള്‍ ചോദിക്കുന്നു. സെക്ഷനുകളില്‍ ഉപഭോക്താക്കള്‍ കൂടി വരുന്നതും, അതിനനുസരിച്ച് വൈദ്യുതി ഉപയോഗം കൂടുന്നതും ചെയ്യുന്നതിനാലാണ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ പോകുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇത് വലിയതോതിലുള്ള വോള്‍ട്ടേജ് ക്ഷാമത്തിന് കാരണമാവുന്നു.
മഞ്ചേശ്വരം മണ്ഡലത്തിലെ വോള്‍ട്ടേജ് വര്‍ദ്ധിപ്പിക്കുന്നതിനു കുബന്നൂരിലെ 110 കെ ബി സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്ന ജോലിയും മൂന്നുവര്‍ഷമായി പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞദിവസം വൈദ്യുതി സെക്ഷന്‍ പരിധികളില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് സ്‌പെഷ്യല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 കോടിയോളം രൂപയുടെ ‘വെളിച്ചം’ പദ്ധതി നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെയുള്ള മൂന്നുവര്‍ഷത്തെ പദ്ധതികള്‍ എന്തുകൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന ഉപഭോക്താക്കളുടെ ആക്ഷേപത്തിന് അധികൃതര്‍ക്ക് മറുപടിയുമില്ല. പദ്ധതികളില്‍ പ്രഖ്യാപനം മാത്രം പോരെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് വേണ്ടതെന്നും ഉപഭോക്താക്കള്‍ പറയുന്നു.
മണ്ഡലത്തിലെ മിക്ക കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാരില്ല,കമ്പികള്‍ അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഇല്ല. വൈദ്യുതി പ്രതിസന്ധി വിളിച്ചു പറയേണ്ട ഓഫീസ് സംവിധാനം കാര്യക്ഷമവുമല്ല, കുമ്പളയില്‍ മാത്രം ഓരോ പ്രദേശത്തും വൈദ്യുതി പ്രതിസന്ധി നേരിടുന്നത് ദിവസങ്ങളോളമാണ്. പോരാത്തതിന് രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും. പിന്നെ എങ്ങനെയാണ് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുകയെന്ന് ഉപഭോക്താക്കള്‍ ആരായുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page