കാസര്‍കോട്: ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന സമരത്തിനു അനുബന്ധമായി കേര ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് നടത്തുന്ന രാപ്പകല്‍ സമര യാത്രയ്ക്ക് മെയ് 5ന് കാസര്‍കോട്ട് തുടക്കം. ജാഥ ജൂണ്‍ 17ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദുവാണ് ജാഥാ ക്യാപ്റ്റന്‍. രണ്ടോ മൂന്നോ ദിവസങ്ങള്‍ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന സമരയാത്ര രാത്രികളില്‍ സെക്രട്ടറിയേറ്റിനു മുമ്പിലെ രാപ്പകല്‍ സമരത്തിനു സമാനമായി തെരുവുകളില്‍ തന്നെ അന്തിയുറങ്ങുമെന്ന് ഭാരവാഹികളായ എസ് മിനി, കെ.ജെ ഷീല, റോസ്‌ലി ജോണ്‍ എന്നിവര്‍ കാസര്‍കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന പരിപാടികളുടെ സംഘാടക സമിതി രൂപീകരണ യോഗം ചൊവ്വാഴ്ച കാസര്‍കോട് വ്യാപാര ഭവനില്‍ ചേരുമെന്ന് കൂട്ടിച്ചേര്‍ത്തു. ബദിയഡുക്ക, കുറ്റിക്കോല്‍, കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലാണ് ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കുക.
