കാസര്‍കോട്: കാറിന്റെ ലോണടച്ചു തീര്‍ക്കാമെന്ന ഉറപ്പില്‍ സുഹൃത്തിനു കൈമാറിയ കാര്‍ കാണാനില്ലെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം മേല്‍പ്പറമ്പു പൊലീസ് കേസെടുത്തു.
ചട്ടഞ്ചാല്‍ തെക്കില്‍പറമ്പ കുന്നാര ഹൗസിലെ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ കെ. അബ്ബാസ് അറാഫത്തിന്റെ പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഗള്‍ഫിലായിരുന്ന അബ്ബാസ് അറാഫത്ത് നാട്ടില്‍ നിന്നു മടങ്ങുന്നതിനു മുമ്പ് സുഹൃത്ത് ഉദുമ ബാര കൊപ്പല്‍ ഹൗസിലെ അബ്ദുല്‍ ഗഫൂറിനു തന്റെ കാര്‍ വ്യവസ്ഥകളോടെ കൈമാറിയിരുന്നതാണെന്നു പരാതിയില്‍ പറഞ്ഞു. കാറിന്റെ വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കണം, താന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കാര്‍ മടക്കി നല്‍കണം. അതുവരെ ഗഫൂറിനു തന്റെ ആവശ്യങ്ങള്‍ക്കു കാര്‍ ഉപയോഗിക്കാമെന്നായിരുന്നു പരസ്പരമുണ്ടാക്കിയിരുന്ന ഉറപ്പെന്നു പറയുന്നു. എന്നാല്‍ കാര്‍ കൈമാറിയ ശേഷം പിന്നീട് ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ കാറിന്റെ വായ്പാ ഗഡുക്കള്‍ അടച്ചിട്ടില്ലെന്നറിഞ്ഞു. കാര്‍ മടക്കി ചോദിച്ചപ്പോള്‍ അതു നല്‍കിയതുമില്ല. ഒടുവില്‍ കാര്‍ തേടി എതിര്‍കക്ഷിയെ സമീപിച്ചപ്പോള്‍ കാറു കാണാനുമില്ലെന്നു പരാതിയില്‍ പറഞ്ഞു. മേല്‍പ്പറമ്പ് പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്.
