കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ഏപ്രില്‍ 29ന് കാസര്‍കോട്ടെത്തും. സംസ്ഥാന പ്രസിഡണ്ടായ ശേഷം ആദ്യമായാണ് അദ്ദേഹം കാസര്‍കോട്ടെത്തുന്നത്. രാവിലെ എട്ട് മണിക്ക് മണ്ഡലം പ്രസിഡണ്ടുമാര്‍, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം 9.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നു വികസിത് കേരള കണ്‍വെന്‍ഷന്‍ നടക്കുന്ന ആര്‍.കെ മാളിലേക്ക് അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കും. 10ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിക്കും. കണ്‍വെന്‍ഷനില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി തൊട്ടു മുകളിലേട്ടുള്ള ഭാരവാഹികള്‍, 2015, 2020 വര്‍ഷങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍, സജീവ അംഗങ്ങള്‍, 2020ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍, പ്രത്യേക ക്ഷണിതാക്കള്‍, എന്‍ഡിഎ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയിലെ ഒരുക്കങ്ങള്‍ കണ്‍വെന്‍ഷനോടെ ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി, ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
