കാസര്‍കോട്: വയനാട്ടുകുലവന്‍ തെയ്യത്തിന്റെ സന്തത സഹചാരിയായ കണ്ടനാര്‍ കേളന്‍ തെയ്യവും തീച്ചാമുണ്ഡിയും ഉള്‍പ്പെടെ നാലു തെയ്യക്കോലങ്ങളെ നിരോധിക്കണമെന്ന ആവശ്യവുമായി നാടന്‍ കലാ ഗവേഷകന്‍ കോടതിയിലേക്ക്. തീച്ചാമുണ്ഡി, ഉച്ചബലി, കണ്ടനാര്‍ കേളന്‍, പുതിയ ഭഗവതി, അഗ്നി കണ്ഠാ കര്‍ണന്‍ തുടങ്ങിയ തെയ്യക്കോലം അണിയുന്ന കോലധാരികളുടെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തളിപ്പറമ്പിലെ ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്താണ് ഇതു സംബന്ധിച്ച നീക്കം ആരംഭിച്ചത്. കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി ഇദ്ദേഹം കോലധാരികളെ സമീപിച്ച് അനുഭവങ്ങള്‍ ശേഖരിച്ചിട്ടുണ്ടത്രെ. പതിനൊന്നോളം തീചാമുണ്ഡി കോലം കെട്ടിയാടിയ മനേഷ്‌ലാല്‍ പണിക്കര്‍, സതീഷ് കൃഷ്ണ എന്നിവരാണ് ഗിരീഷ് നേരില്‍ കണ്ട പ്രമുഖ കോലധാരികള്‍.
എന്നാല്‍ ഈ കോലങ്ങള്‍ കെട്ടുന്ന സമുദായത്തിലെ വലിയൊരു വിഭാഗം കോലം നിരോധിക്കണമെന്ന നിലപാടിനു എതിരാണ്. ഇത് വിശ്വാസത്തിന്റെയും സമുദായത്തിന്റെ അഭിമാനത്തിന്റെയും പ്രശ്‌നമാണെന്നാണ് ഇവരുടെ വാദം. അതേ സമയം ചില സാമൂഹ്യ പ്രവര്‍ത്തകര്‍ ഗിരീഷിന്റെ നിലപാടിനു പിന്തുണ അറിയിച്ചു രംഗത്തു വരുന്നുമുണ്ട്.
വടക്കന്‍ കേരളത്തിലെ പ്രധാന തെയ്യക്കോലമാണ് കണ്ടനാര്‍ കേളന്‍. വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം നടക്കുന്ന സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്നത് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ട ദിവസമാണ്. ഗിരീഷ് കോടതിയെ സമീപിച്ചാല്‍ വിഷയം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കുമെന്നു ഉറപ്പാണ്.
