കാസര്‍കോട്: ഹോട്ടലില്‍ നിന്നു ഷവര്‍മ്മ കഴിച്ചതിന്റെ വിരോധത്തില്‍ ഹോട്ടല്‍ ഉടമയെ ആക്രമിച്ചതായി പരാതി. പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപ തട്ടിയെടുത്തതായും ഉടമയുടെ വാടക വീട്ടില്‍ കയറി ഫ്രിഡ്ജും ക്ലോക്കും തകര്‍ത്തതായും പരാതിയില്‍ പറഞ്ഞു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ഹൗസില്‍ സ്വദേശിയും വിദ്യാനഗറില്‍ ഹോട്ടല്‍ നടത്തുകയും ചെയ്യുന്ന മൊയ്തീന്‍ റംഷീദി(24)ന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സഹീര്‍, അമാന്‍, ഈനാച്ചു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
