കാസര്‍കോട്: പത്തനംതിട്ട അടൂരില്‍ നിന്നും വെള്ളിയാഴ്ച കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് പെണ്‍കുട്ടി എത്തിയത്. എസ്.ഐ എംവി പ്രകാശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ വിനോദ്, ബിജിത്ത്, സുശാന്ത് എന്നിവരുടെ സമയോജിത ഇടപെടലിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെരിയയിലെ ഒരു സുഹൃത്തിനെ കാണാനാണ് കാസര്‍കോട് എത്തിയതെന്നാണ് വിവരം. മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. വിവരം അടൂര്‍ പൊലീസിന് കൈമാറ്റിയിട്ടുണ്ട്. പത്തനംതിട്ട അടൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 14 കാരിയെ വെള്ളിയാഴ്ചയാണ് കാണാതായത്. പിതാവിന്റെ അമ്മയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. കാണാതായതായ വിവരത്തെ തുടര്‍ന്ന് വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാസര്‍കോട്ടെയ്ക്ക് ടിക്കെറ്റടുത്ത് ട്രെയിനില്‍ കയറിയിട്ടുണ്ടെന്ന് സൂചനയെ തുടര്‍ന്നാണ് റെയില്‍വേ പൊലീസ് പരക്കെ പരിശോധന നടത്തിയത്.
