കാസര്‍കോട്: നാലുദിവസത്തിനുള്ളില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസിനു നേരെ നാലിടത്തു അക്രമം. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട്ടും രാജപുരത്തും ഉണ്ടായ അക്രമ സംഭവങ്ങളില്‍ എസ്.ഐ, എ.എസ്.ഐ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ കെ.വി ജിതിന്‍ (29), സിവില്‍ പൊലീസ് ഓഫീസര്‍ അജേഷ് കുമാര്‍ (40) എന്നിവര്‍ക്കു നേരെ ആലാമിപള്ളി ജംഗ്ഷനു സമീപത്തു വച്ച് ചൊവ്വാഴ്ച സന്ധ്യയോടെയാണ് അക്രമം ഉണ്ടായത്. വാഹന പരിശോധന നടത്തി കൊണ്ടിരിക്കെ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ആയിരുന്നു അക്രമം. എസ്.ഐ.യുടെ വലതു കൈ പിടിച്ചു തിരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൊലീസുകാരനായ അജീഷിനെ മാന്തിയും ചവിട്ടിവീഴ്ത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബല്ല, ആലയി, ശാരദാസിലെ സി.കെ മോഹന്‍ കുമാറി(52)നെ അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ പരാക്രമം കാണിച്ച ഇയാളെ സാഹസികമായാണ് പിടികൂടി വൈദ്യ പരിശോധനക്ക് വിധേയനാക്കിയതെന്നു പൊലീസ് പറഞ്ഞു. പിന്നീട് സ്റ്റേഷനിലെത്തിച്ച് പ്രതിയെ അറസ്റ്റു ചെയ്തതായി കൂട്ടിച്ചേര്‍ത്തു. ഇയാള്‍ മംഗല്‍പാടി വെറ്ററിനറി ആശുപത്രി ജീവനക്കാരനാണ്.
രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാമുണ്ഡിക്കുന്ന് ശിവപുരത്താണ് ചൊവ്വാഴ്ച രാത്രി പൊലീസിനു നേരെ രണ്ടാമത്തെ അക്രമം അരങ്ങേറിയത്. രാജപുരം പൊലീസ് സ്റ്റേഷനിലെ അസി. എസ്.ഐ മോന്‍സി വര്‍ഗീസ് (54), പൊലീസുകാരായ സജിത്ത് ജോസഫ് (24), കെ.പി നിധിന്‍ (32), ഹോംഗാര്‍ഡ് ശശികുമാര്‍ (58) എന്നിവര്‍ക്കു പരിക്കേറ്റു. സംഭവത്തില്‍ ചാമുണ്ഡിക്കുന്ന്, ശിവപുരം സ്വദേശികളായ പ്രമോദ്, പ്രദീപ് എന്നിവര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. പൊലീസ് വാഹനത്തിനും വയര്‍ലെസ് സെറ്റിന്റെ ആന്റിനക്കും അക്രമത്തില്‍ നാശമുണ്ടായി. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രാത്രികാല പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ ഒരു സ്ത്രീ അയച്ച സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ഈ സമയത്ത് കേസിലെ ഒന്നാം പ്രതിയായ പ്രമോദ് ചട്ടിയെടുത്ത് പൊലീസ് സംഘത്തിനു നേരെ എറിയുകയും രണ്ടാം പ്രതിയായ പ്രദീപ് പൊലീസിനു നേരെ കല്ലെറിയുകയുമായിരുന്നു. പരാതിക്കാരിക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്നതിനിടയില്‍ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടു ദിവസം മുമ്പ് ബേഡകത്തും കാസര്‍കോട് ചൗക്കിയിലും പൊലീസിനു നേരെ അക്രമം ഉണ്ടായിരുന്നു. ഇതില്‍ ബേഡകത്ത് പൊലീസുകാരനെയും യുവാവിനെയും കുത്തി പരിക്കേല്‍പ്പിച്ച സഹോദരങ്ങളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
