കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ’75 മേറ്റ്സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 25ന് നടക്കും. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടേക്കണ്ണി റോഡിലെ ആര്‍. കെ. മാളില്‍ നടക്കുന്ന ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും അഖിലേന്ത്യാ കിഡ്നി ഫെഡറേഷന്‍ ചെയര്‍മാനുമായ റവ. ഫാദര്‍ ഡേവിസ് ചിറമേല്‍ ഉദ്ഘാടനം ചെയ്യും. ’75 മേറ്റ്സ് ചെയര്‍മാന്‍ ടി.എ ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ മുഖ്യാതിഥിയാകും. കേന്ദ്ര സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗംതലവന്‍ ഡോ. മുഹമ്മദ് ഉണ്ണി എന്ന മുസ്തഫ മുഖ്യപ്രഭാഷണം നടത്തും. കാസര്‍കോടിനെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള ‘ഗ്രീന്‍ കാസര്‍കോട്’ പദ്ധതി രണ്ട് ഘട്ടങ്ങളിലായി വിജയകരമായി കൂട്ടായ്മ പൂര്‍ത്തിയാക്കി. പ്രകൃതിദുരന്തം നാശം വിതച്ച വയനാട്ടില്‍, ’75 മേറ്റ്സ് റെസ്‌ക്യൂ ടീം’ ഒരാഴ്ചയോളം അവിടെ തങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. ഡല്‍ഹി, മലേഷ്യ എന്നിവിടങ്ങളിലേക്ക് കുടുംബാംഗങ്ങള്‍ സഹിതം ഉല്ലാസയാത്രകളും സംഘടിപ്പിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ എം.എ ലത്തീഫ്, എം.എ അഹമ്മദ്, പി.എം കബീര്‍, പി.എ മജീദ്, എ.പി മുഹമ്മദ് കുഞ്ഞി, പി.എ മുഹമ്മദ് കുഞ്ഞി, സി.എം മുസ്തഫ, കെ.കെ സുലൈമാന്‍, ബി.യു അബ്ദുല്ല, എച്ച്. ഷുക്കൂര്‍, മൊയ്തീന്‍ അങ്കോല, ടി.എ മജീദ് സംബന്ധിച്ചു.
