കോഴിക്കോട്: ലഹരിക്കേസിൽ പ്രതിയായതോടെ താനുമായുള്ള സൗഹൃദം അവസാനിപ്പിച്ച യുവതിയെ 56
കാരൻ കുത്തിപരുക്കേൽപ്പിച്ചു.കോഴിക്കോട് ചക്കുകടവ് സ്വദേശി സലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ജംഷീലയെ സലീം കുത്തി വീഴ്ത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. എന്നാൽ ലഹരിക്കേസിൽ പ്രതിയായി സലീം ജയിലിൽ പോയതോടെ ജംഷീല സൗഹൃദം അവസാനിപ്പിച്ചു. ഇതാണു ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.
