കാസര്‍കോട്: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ കാലിക്കടവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമായത്. കാസര്‍കോട് നിന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ സര്‍ക്കാരിന് നേതൃത്വം നല്‍കിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണില്‍ തന്നെ ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. ദേശീയ പാത വികസനമടക്കം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്. എല്‍ഡിഎഫ് ഭരണം കാലോചിതമായി കേരളത്തെ മാറ്റിയെന്നും കേരളം ശപിച്ചുകൊണ്ടിരുന്ന ഭരണത്തിന് 2016 നോടെ വിരാമമായെന്നും ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ല. ജനത്തിനും സര്‍ക്കാരിനും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. കേന്ദ്ര സര്‍ക്കാരിന്റേത് നശീകരണ മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നവംബര്‍ 1 ന് അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും ചടങ്ങിന് അധ്യക്ഷത വഹിച്ച് കൊണ്ട് മന്ത്രി കെ രാജന്‍ പറഞ്ഞു. കേരളം എന്ന നാട് ഉണ്ടെന്ന് ഓര്‍ക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്ര ബജറ്റില്‍ ചൂരല്‍മല എന്നൊരു വാക്കുണ്ടായിരുന്നില്ല. കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് ആശങ്കയോടെ ചോദിക്കേണ്ടി വരുന്നു. വയനാട്ടിലെ അവസാന ദുരന്തബാധിതനെയും കേരളം പുനരധിവസിപ്പിക്കും. ഇത് കേരളസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.