കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തിക്കുണ്ടില്‍ യുവാവിനെയും അക്രമം തടയാനെത്തിയ പൊലീസുകാരനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ല.
കോട്ടയം സ്വദേശികളും കൊറത്തിക്കുണ്ടില്‍ താമസക്കാരുമായ സഹോദരങ്ങളായ ജിഷ്ണുവും വിഷ്ണുവുമാണ് കേസിലെ പ്രതികള്‍. ഇവരില്‍ ഒരാള്‍ അടിവസ്ത്രവും മറ്റൊരാള്‍ പാന്റ്‌സ് മാത്രം ധരിച്ചുമാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് ഇരുവരും പ്രതികളായ കേസിനാസ്പദമായ സംഭവം. രാത്രിയില്‍ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയ ഇരുവരും ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ സനീഷ് ഇരുവരെയും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ജിഷ്ണുവും വിഷ്ണുവും സനീഷിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. അക്രമവിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിനു കുത്തേറ്റത്. ബഹളം കേട്ട് കൂടുതല്‍ ആള്‍ക്കാരും പൊലീസും സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികള്‍ സ്ഥലത്തു നിന്നു രക്ഷപ്പെട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും ഫോണുകളുടെ ലൊക്കേഷന്‍ കൊറത്തിക്കുണ്ടാണെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശം അരിച്ചുപെറുക്കിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ സൈലന്റിലാണെന്നു സംശയിക്കുന്നു. അതേ സമയം പ്രതികള്‍ ഫോണുകള്‍ ഉപേക്ഷിച്ച് രായ്ക്കുരാമാനം കര്‍ണ്ണാടകയിലേക്കു കടന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പൊലീസ് സംഘം സുള്ള്യയില്‍ അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. അതേ സമയം അക്രമ സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാത്തതു ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്.
