കാസര്‍കോട്: മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം റെയില്‍വെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാന്‍ സ്വദേശിയായ ഘനശ്യാം മഹേശ്വര്‍ (36)ക്കെതിരെയാണ് റെയില്‍വെ ആക്ട് പ്രകാരം ആര്‍പിഎഫ് കേസെടുത്തത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ലഹരി കാരണം നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു സ്‌റ്റേഷന്‍ മാസ്റ്റര്‍. വിവരമറിഞ്ഞ് എത്തിയ റെയില്‍വെ പൊലീസ്, നീലേശ്വരം പൊലീസിന്റെ സഹായത്തോടെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് മദ്യലഹരിയിലാണ് ഡ്യൂട്ടിക്കെത്തിയതെന്നു വ്യക്തമായത്. തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തസാമ്പിള്‍ എടുത്ത ശേഷം ആവശ്യപ്പെടുന്ന സമയത്ത് കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയച്ചു. രക്തപരിശോധനയിലും മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുള്ളതായി പൊലീസ് പറഞ്ഞു.
