കാസര്‍കോട്: കാണാതായ യുവതിയും കാമുകനും പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. യുവതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഷിറിയ സ്വദേശിനിയായ 19കാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് കാണാതായത്. കുബണൂരിലുള്ള ബന്ധു വീട്ടില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ അവിടെയെത്തിയില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മാതാവ് കുമ്പള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുളിയടുക്കയിലെ സന്ദേശ് എന്ന യുവാവിനൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. പ്രസ്തുത യുവാവിന്റെ വീട്ടിലടക്കം പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതിനിടയിലാണ് കമിതാക്കള്‍ ശനിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വെള്ളിയാഴ്ച രാത്രി ബസ് സ്റ്റാന്റില്‍ ഇരിക്കുകയായിരുന്നുവെന്നാണ് ഇരുവരും പൊലീസിനു മൊഴി നല്‍കിയത്.
