കാസര്‍കോട്: നൂറിലധികം കവര്‍ച്ചാ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് നടുവില്‍ പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ് കാപ്പാക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ നിന്നിറങ്ങി. ഇയാളെ നീലേശ്വരത്ത് കണ്ടതായ വിവരത്തെ തുടര്‍ന്ന് ജാഗ്രതപാലിക്കാന്‍ പൊതുജനങ്ങളോടും വ്യാപാരികളോടും പൊലീസ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിപ്രദേശങ്ങളാണ് തൊരപ്പന്‍ സന്തോഷിന്റെ വിഹാരരംഗം. ചുമര്‍ തുരന്ന് കവര്‍ച്ചായാണ് ഇയാളുടെ സ്വഭാവം.
മലഞ്ചരക്ക് കടകളുടെ പുറകുവശത്തെ ചുമര്‍ കമ്പിപാരയും മറ്റും ഉപയോഗിച്ചു തുരന്ന് ദ്വാരമുണ്ടാക്കി അതിലൂടെ കയറിയാണ് ഇയാള്‍ കുരുമുളകും കൊട്ടടയ്ക്കയുമൊക്കെ മോഷ്ടിച്ചിരുന്നത്. ഈ മോഷണ ശൈലികാരണമാണ് സന്തോഷിന് തൊരപ്പനെന്ന പേര്‍ പൊലിസും നാട്ടുകാരും നല്‍കിയത്. ജയിലില്‍ നിന്നുമിറങ്ങി ഒന്നോരണ്ടോ ആഴ്ചയ്ക്കുള്ളില്‍ മോഷണം നടത്തണമെന്നത് തൊരപ്പന് നിര്‍ബന്ധമാണ്. ഇതുകാരണം തൊരപ്പന്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ പൊലീസ് ഇയാളെ നിരീക്ഷിക്കാറുണ്ട്. നേരത്തെ നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും മോഷണങ്ങള്‍ നടത്തിയിരുന്നു. ഇയാളെ കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് നീലേശ്വരം പൊലീസ് അഭ്യര്‍ഥിച്ചു.
