കാലമെത്ര കഴിഞ്ഞാലും മായിച്ചാലും മായാത്തതായി മനസ്സിലെന്നും ഉടക്കിനില്‍ക്കുന്ന ചില അനുഭവങ്ങളും വ്യക്തികളുമൊക്കെ നമുക്കുണ്ടാവും.
മരണവ്യഗ്രതയില്‍ നിന്ന് രക്ഷപ്പെട്ട അനുഭവമാണെങ്കില്‍ സ്വഭാവികമായും ആ ഓര്‍മ്മയുടെ വികാരതീവ്രത കൂടുതലാവും.
അല്ലേ.?
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെങ്കിലും പലപ്പോഴും അവ ചിന്തയിലേക്ക് തികട്ടി വരികയും ചെയ്യും.
അത് പോലുള്ള എന്റെ പല അനുഭവങ്ങളും സമൂഹ നന്മക്കു വേണ്ടി ഏറ്റെടുത്ത ദൗത്യങ്ങള്‍ക്കിടയിലായതിനാല്‍ പല പൊതുവേദകളിലും ആ കാര്യങ്ങള്‍ സ്പര്‍ശിച്ചു കൊണ്ട് സംസാരിക്കാറുമുണ്ട്.
ഒരു വിവാഹ ഓഡിറ്റോറിയത്തില്‍ വെച്ചാണ് അങ്ങനെ ഒരു കഥാപാത്രത്തെ അവിചാരിതമായി ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത്.
35 വര്‍ഷം മുമ്പുള്ള ഒരു സംഭവത്തിലെ രണ്ട് കഥാപാത്രങ്ങളുടെ കണ്ടുമുട്ടല്‍.
അല്‍പം വികാരപരവുമായിരുന്നു ആ കൂടിക്കാഴ്ച.
എന്റെ ഒരു പഴയകാല സുഹൃത്ത് അബ്ദുള്ളയായിരുന്നു ആ വ്യക്തി.
ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു.
അല്‍പം വിശേഷങ്ങള്‍ പങ്ക് വെച്ചു.
കഥ അറിയാതെ ചുറ്റും നിന്ന മനുഷ്യര്‍ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
അത് തിരിച്ചറിഞ്ഞത് കൊണ്ടാണോ അതോ ഓര്‍മ്മകള്‍ ഒന്നാകെ തികട്ടി വന്നത് കൊണ്ടാണോയെന്നറിയില്ല.
അതേ ആവേശത്തില്‍ തന്നെ അബ്ദുള്ള വിവാഹ സദസ്സില്‍ നിന്ന് ഞങ്ങളുടെ സമീപത്തേക്ക് വന്ന ആളുകളെ നോക്കി ഒരു ചെറു ഭാഷണം നടത്തി.
1990ല്‍ സമ്പൂര്‍ണ സാക്ഷരതായജ്ഞം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം.
ഞാന്‍ അന്ന് സാക്ഷരതാപദ്ധതിയുടെ പഞ്ചായത്ത്തല എ.പി.ഒ. ആയിരുന്നു.
റഹ്‌മാന്‍ മാഷ് അതിന്റെ ജില്ലാ കോര്‍ഡിനേറ്ററും. ഞങ്ങള്‍ രാവും പകലും സാക്ഷരതാ പദ്ധതി വിജയിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു.
എല്ലാവരേയും എഴുതാനും വായിക്കാനും പഠിപ്പിച്ചേ അടങ്ങൂയെന്ന വാശിയിലായിരുന്നു പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളുമൊക്കെ.
‘കാസര്‍കോട് വടക്കന്‍ മേഖലയിലെ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ സാക്ഷരതായജ്ഞത്തില്‍ വേണ്ടത്ര സജീവമാകുന്നില്ല എന്ന പരാതി പൊതുവെ ഉണ്ടായിരുന്നു.
ആ പരാതി ശക്തി പ്രാപിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ അതിനുള്ള പോംവഴി കണ്ടെത്താന്‍ ഞങ്ങള്‍ തല പുകഞ്ഞാലോചിച്ചു.
മുന്നില്‍ തെളിഞ്ഞത് മതത്തെ കൂട്ടുപിടിക്കുക എന്നത് മാത്രമായിരുന്നു.
അന്നൊക്കെ മുസ്ലിം സ്ത്രീകള്‍ വീടിന് പുറത്തിറങ്ങുന്നത് തന്നെ പാപമായി കരുതുന്ന സമയമായിരുന്നു.
അത് കൊണ്ടാണ് അങ്ങനെ ഒരു ഉപായം തിരഞ്ഞെടുത്തത്.
അതിനായി അക്ഷരം പഠിപ്പിക്കാന്‍ നബിതിരുമേനി നടത്തിയ സമീപനങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മുസ്ലിം പള്ളികളില്‍ ചെന്ന് കമ്മറ്റി ഭാരവാഹികളെ ഉല്‍ബോധിപ്പിക്കുകയെന്നൊരു സമീപനം സ്വീകരിച്ചു.
അപ്പോഴേക്കും മുസ്ലീം സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ട് ഗൃഹ സദസ്സുകള്‍ നടത്തുക എന്ന പരിപാടി ആസൂത്രണം ചെയ്യാന്‍ ജില്ലാ സാക്ഷരതാസമിതി തീരുമാനിച്ചിരുന്നു.
അതിന്റെ ഉത്തരവാദിത്തവും ജില്ലാ കോ. ഓര്‍ഡിനേറ്ററായ റഹ്‌മാന്‍ മാഷിന് തന്നെയായിരുന്നു.
അന്നത്തെ കാസര്‍കോട് ജില്ലാകലക്ടര്‍ ജെ.സുധാകരനായിരുന്നു.
ജില്ലയിലെ പള്ളികള്‍ സന്ദര്‍ശിച്ച് അവിടുത്തെ കമ്മറ്റിക്കാരെ കണ്ട് സംസാരിച്ച് രണ്ടാഴ്ചക്കകം ആ മഹല്ലിലെ നിരക്ഷരരെ ക്ലാസുകളിലേക്ക് എത്തിക്കണം.
ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ സഞ്ചരിക്കുന്നതിന് സര്‍ക്കാര്‍ വാഹനം റഹ്‌മാന്‍ മാഷിന് വിട്ടു നല്‍കിയിരുന്നു.
വടക്കന്‍ മേഖലകളിലെ മുസ്ലീം പള്ളികളില്‍ ചെല്ലാന്‍ എപി.ഒ. ആയ എന്നെയാണ് മാഷ് തെരഞ്ഞെടുത്തത്.
സമയപരിധിക്കുള്ളില്‍ എല്ലാ പള്ളികളിലേക്കും ഓടിയെത്തണം. അത് കൊണ്ട് തന്നെ ധൃതിപിടിച്ചുള്ളതായിരുന്നു യാത്രകള്‍.
ആദ്യം മഞ്ചേശ്വരത്തിനടുത്തുള്ള ഒരു പള്ളിയിലേക്ക് ചെന്നു.
അവിടെ പള്ളിക്കമ്മറ്റി മീറ്റിംഗ് നടക്കുന്നുണ്ട്.
മീറ്റിംഗ് പിരിച്ചുവിടുന്നതിന് മുന്നേ അവിടെ ചെല്ലണം.
അതായിരുന്നു ലക്ഷ്യം.
ഞങ്ങള്‍ എത്തുകയും ചെയ്തു.
പക്ഷെ രണ്ടു പേര്‍ക്കും നല്ല ക്ഷീണമുണ്ടായിരുന്നു.
അത് കൊണ്ട് തന്നെ മുഖവും കാലും കഴുകി ഒന്ന് ഫ്രഷ് ആവാന്‍ പള്ളിക്കുളത്തിലിറങ്ങി.
വലിയ കുളം. കല്ല് കൊണ്ട് നിര്‍മ്മിച്ചതിനാല്‍ സ്റ്റെപ്പില്‍ നല്ല വഴുപ്പുള്ളത് ധൃതിയില്‍ ശ്രദ്ധിച്ചില്ല. ഞാന്‍ ഓടിയിറങ്ങാന്‍ ശ്രമിക്കവേ കാല്‍വഴുതി കുളത്തിലേക്ക് മറിഞ്ഞു വീണു. മാഷും വഴുതിവീണിരുന്നു. പക്ഷേ വെള്ളത്തിലായില്ല.
ഞാന്‍ എങ്ങനെയൊ നീന്തിക്കയറി.
നീന്തല്‍ അറിയുന്നത് കൊണ്ടു മാത്രം രക്ഷപെട്ടു.
ഞങ്ങളുടെ ബഹളം കേട്ട് പള്ളിക്കമ്മറ്റിയില്‍ ചിലരും ഓടിയെത്തി.
ഞങ്ങളുടെ ത്യാഗപൂര്‍ണമായ ഈ പ്രവൃത്തി കണ്ടറിഞ്ഞ കമ്മറ്റിക്കാര്‍ക്കു ഞങ്ങളോട് അല്‍പം സഹതാപം തോന്നി.
അത് കൊണ്ട് തന്നെ കൂടുതല്‍ പറയേണ്ടി വന്നില്ല.
അടുത്ത ദിവസം മുതല്‍ മഹല്ലിലെ നിരക്ഷരരായ മുഴുവന്‍ പേരെയും ക്ലാസില്‍ എത്തിക്കാമെന്ന് അവര്‍ അപ്പോള്‍ തന്നെ ഉറപ്പു നല്‍കി.സത്യത്തില്‍ ആ വീഴ്ചയാണ് ഞങ്ങളുടെ അവിടത്തെ ദൗത്യത്തിനെ എളുപ്പമാക്കിയത്.
ചില വീഴ്ച്ചകളൊക്കെ ചിലപ്പോള്‍ നല്ലതിനാവുമെന്ന് അന്നത്തോടെ എനിക്ക് ബോധ്യമായി.
കണ്ണൂര്‍ അബ്ദുള്ളയുടെ ആ അനുഭവപ്പറച്ചില്‍ കേട്ട് എല്ലാവരും കയ്യടിച്ചു.
അതെ, ജീവിതമാണ്, വീഴും, വീഴ്ത്തും തളരാതെ മുന്നോട്ട് പോവുക എന്നതാണ് വഴി.
