വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വഴക്കിനിടെ 8 മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. വിശാഖപട്ടണത്തെ ഉഡ കോളനിയിലാണ് സംഭവം. അനുഷയാണ് (27) മരിച്ചത്. ഭർത്താവ് ഗ്യാനേഷർ (28) പൊലീസിനു മുൻപാകെ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ ഗ്യാനേഷർ അനുഷയെ കഴുത്ത് ഞെരിച്ചു. ഇതോടെ ബോധരഹിതയായ അനുഷയെ ഗ്യാനേഷർ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വിശാഖപട്ടണത്ത് ഹോട്ടൽ നടത്തുകയാണ് ഗ്യാനേഷർ. 2 വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിനു പിന്നാലെ വിവിധ വിഷയങ്ങളിൽ ഇവർ തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
