തിരുവനന്തപുരം: ചിത്രീകരണത്തിനിടെ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് വിൻസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം. ഇതു സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാദ പ്രതിവാദങ്ങൾക്കു വഴിവച്ചിരുന്നു. ഇതോടെയാണ് വ്യക്തത വരുത്താൻ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി രംഗത്തെത്തിയത്.
ലഹരി ഉപയോഗിച്ച നടനിൽ നിന്നു തനിക്കും സഹപ്രവർത്തകയ്ക്കും മോശം അനുഭവം ഉണ്ടായി. ചിത്രീകരണത്തിനിടെ തന്റെ ഡ്രസിനു ഒരു പ്രശ്നം വന്നതു ശരിയാക്കാൻ പോയപ്പോൾ താനും കൂടെ വരാമെന്നും വേണമെങ്കിൽ താൻ റെഡിയാക്കി തരാമെന്നുമാണ് എല്ലാവരുടെയും മുന്നിൽ വച്ചു നടൻ പറഞ്ഞത്. സംഭവമറിഞ്ഞ സംവിധായകൻ ഉൾപ്പെടെ നടനോട് സംസാരിക്കുകയും ചെയ്തു.
മറ്റൊരു സന്ദർഭത്തിൽ നടൻ വായിൽ നിന്നു വെളുത്ത പൊടി പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം സിനിമ സെറ്റിൽ വച്ച് പരസ്യമായി ലഹരി ഉപയോഗിക്കുകയായിരുന്നു. അദ്ദേഹം ചെയ്തതു പ്രധാന കഥാപാത്രമായതിനാൽ സിനിമ തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. ഏറെ സഹിച്ചാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതെന്നും വിൻസി വ്യക്തമാക്കി.
തന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഒട്ടേറെ പേർ രംഗത്തെത്തിയത് ശ്രദ്ധിച്ചു. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. എവിടെ നിന്നാണ് വന്നതെന്നും എത്തി നിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ടെന്നും വിൻസി വ്യക്തമാക്കി.
ടിവി റിയാലിറ്റി ഷോയിലൂടെയാണ് വിൻസി സിനിമയിലെത്തുന്നത്. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2022ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങളാണ്’ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Very confident….