തിയേറ്ററിനൊപ്പം ഒടിടിയിലും ജനപ്രിയ ചിത്രങ്ങളുടെ വിഷുക്കാലം. ഒട്ടേറെ സിനിമകളാണ് വിഷു കളറാക്കാൻ ഒടിടിയിൽ റിലീസ് ചെയ്തിട്ടുള്ളത്.
ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു ഷാപ്പിൽ നടന്ന മരണത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളെ ആധാരമാക്കിയുള്ള ചിത്രത്തിന്റെ നിർമാണം സംവിധായകൻ അൻവർ റഷീദാണ്. സോണി ലിവ്വിൽ ചിത്രം ലഭ്യമാണ്.
നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളിയിൽ അനശ്വര രാജൻ, സജിൻ ഗോപു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. രോമാഞ്ചം, ആവേശം സിനിമകളുടെ സംവിധായകൻ ജിത്തു മാധവന്റേതാണ് പൈങ്കിളിയുടെ തിരക്കഥ. മനോരമ മാക്സിൽ സിനിമ കാണാനാകും.
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർലുലു സംവിധാനം ചെയ്ത ചിത്രമാണ് ബാഡ് ബോയ്സ്. ആമസോൺ പ്രൈം, മനോരമ മാക്സ് പ്ലാറ്റ്ഫോമുകളിൽ സിനിമ ലഭ്യമാണ്.
വിക്കി കൗശൽ നായകനായ ഹിന്ദി ചിത്രം ഛാവ നെറ്റ്ഫ്ലിക്സിലൂടെ കാണാം. ഛത്രപതി ശിവജിയുടെ മകനായ മറാത്ത രാജാവ് സാംബാജിയുടെ ജീവിതം പ്രമേയമായ സിനിമ 800 കോടി രൂപയിലേറെ തിയേറ്ററുകളിൽ നിന്നു സ്വന്തമാക്കിയിരുന്നു.
നാനിയുടെ തെലുങ്ക് ചിത്രം കോർട്ട് സ്റ്റേറ്റ് വേഴ്സസ് എ നോബഡി, തമിഴ് അഡൽറ്റ് കോമഡി ചിത്രം പെരുസ് എന്നിവ നെറ്റ്ഫ്ലിക്സിലും പുതുതായി എത്തിയ സിനിമകളാണ്.
