കൊൽക്കത്ത: ജോലിക്കു നിന്ന വീട്ടിൽ നിന്നു മോഷ്ടിച്ച സ്വർണാഭരണമണിഞ്ഞ് യൂട്യൂബ് ഷോർട്സ് ചിത്രീകരിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊൽക്കത്ത ബേഹാലയിലെ സമീരൺ-സഞ്ജിത മുഖർജി ദമ്പതിമാരുടെ വീട്ടിലാണ് സംഭവം. മോഷണം നടന്നു 6 മാസത്തിനുശേഷം ആഭരണങ്ങൾ ധരിച്ചു യുവതിയിട്ട വിഡിയോയിലൂടെയാണ് വീട്ടുകാർ കവർച്ചാ വിവരം അറിയുന്നത്. പൂർണിമ മണ്ഡലാണ്(35) പിടിയിലായത്. 3 വർഷം മുൻപാണ് പൂർണിമയെ ഇവർ വീട്ടുജോലിക്കാരിയായി നിയമിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ പ്രത്യേകിച്ചു കാരണങ്ങളില്ലാതെ പൂർണിമ ജോലി അവസാനിപ്പിച്ചു വീടു വിട്ടു. പൂർണിമയ്ക്കു യൂട്യൂബിൽ വിഡിയോകൾ ഇടുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസമിട്ട വിഡിയോയിൽ പൂർണിമ അണിഞ്ഞ സ്വർണാഭരണങ്ങൾ തന്റേതാണെന്ന് സഞ്ജിതയ്ക്കു സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ കളവു പോയത് തിരിച്ചറിഞ്ഞത്. തുടർന്ന് വേറെ വിഡിയോകളിൽ സഞ്ജിതയുടെയും സമീരണിന്റെയും ആഭരണങ്ങൾ പൂർണിമ അണിഞ്ഞതായി കണ്ടെത്തി. ഇതോടെ ദമ്പതിമാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൂർണിമയെ പിടികൂടിയ പൊലീസ് സഞ്ജിതയുടെ കമ്മലുകളും സമീരണിന്റെ മോതിരവും കണ്ടെത്തി. പൂർണിമ ജോലി ചെയ്തിരുന്ന മറ്റു വീടുകളിൽ സമാനമായ മോഷണം നടത്തിയിരുന്നുവോയെന്നു പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.
