വഖഫ് നിയമഭേദഗതി: ബംഗാളില്‍ അക്രമം; 3 മരണം, 150 പേര്‍ അറസ്റ്റില്‍, കേന്ദ്രസേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം

കൊല്‍ക്കത്ത: വഖഫ് നിയമഭേദഗതിക്കെതിരെ മുര്‍ഷിദാബാദ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തിലും അക്രമങ്ങളിലും മൂന്നു പേര്‍ മരിച്ചു. 150 പേരെ ഇതുവരെ അറസ്റ്റു ചെയ്തു. സുതി, ദൂലിയന്‍, സംസര്‍ഗഞ്ജ് എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നു പൊലീസ് പറഞ്ഞു. ആളുകള്‍ കൂട്ടം കൂടുന്നതു തടയാന്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
അക്രമ പ്രദേശങ്ങളില്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും ഭീഷണി നേരിടുമ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജനങ്ങള്‍ ശാന്തരാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. അക്രമത്തിന് പിന്നിലുള്ളവര്‍ സമൂഹത്തിനു നേരെയാണ് ആക്രമമഴിച്ചുവിടുന്നത്. സംസ്ഥാനമല്ല, കേന്ദ്രമാണ് പ്രശ്‌നത്തിന് കാരണമായ നിയമം കൊണ്ടുവന്നതെന്നും വഖഫ്‌ഭേദഗതി നിയമത്തെ തന്റെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ 400 ഹിന്ദു കുടുംബങ്ങള്‍ക്ക് സംഭവത്തെത്തുടര്‍ന്ന് വീട് വിട്ടു പോകേണ്ടി വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന സമീപനമാണ് ബംഗാളിലുണ്ടായ അക്രമങ്ങള്‍ക്ക് കാരണമെന്നും ഇത് തീവ്രവാദി സംഘങ്ങളുടെ അഴിഞ്ഞാട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബംഗാള്‍ ഹൈക്കോടതി കൃത്യസമയത്ത് യുക്തമായ നടപടിയാണ് സ്വീകരിച്ചതെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് പറഞ്ഞു.


മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുര്‍ഷിദാബാദ് ജില്ലയില്‍ ഏപ്രില്‍ എട്ടിന് അക്രമം ആരംഭിച്ചിരുന്നു. പൊലീസിനു നേരെ കല്ലേറോടെയായിരുന്നു തുടക്കം. പിന്നീട് പോലീസ് വാഹനങ്ങള്‍ക്കു തീവച്ചു. തുടര്‍ന്ന് തലസ്ഥാനനഗരമായ കൊല്‍ക്കത്തയിലുള്‍പ്പെടെ വന്‍ പ്രകടനവുമുണ്ടായിരുന്നു.
ഒരുതരത്തിലുള്ള അക്രമങ്ങളോടും അയഞ്ഞ നിലപാടെടുക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഡിജിപി രാജീവ് കുമാര്‍ പറഞ്ഞു. ഒരു പ്രകടനത്തോടെയാണ് നിയമത്തിനെതിരെയുള്ള പ്രതിഷേധമാരംഭിച്ചതെന്നും പിന്നീടത് പൊതുമുതല്‍ നശീകരണത്തിലേക്ക് മാറിയെന്നു അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ മുഖ്യമന്ത്രി മമിതാ ബാനര്‍ജിക്ക് കടുത്ത രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. അടുത്തവര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ നാലാം തവണയും മുഖ്യമന്ത്രിയാകാനുള്ള മമതയുടെ നീക്കങ്ങള്‍ക്ക് വഖഫ് ഭേദഗതി നിയമം കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ 26,000 അധ്യാപകരെ അടുത്തിടെ നിയമിച്ചത് ക്രമവിരുദ്ധമാണെന്നാരോപിച്ച് സുപ്രീംകോടതി നിയമനം നിരോധിച്ചതിനെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം തുടരുന്നതിനിടെയാണ് വഖഫ് നിയമ പ്രതിഷേധവും രൂക്ഷമാവുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page