കൊച്ചി: അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളത്തിലെ ‘എലി’യെന്ന എലിസബത്തിനെ തന്മയത്വമായി അവതരിപ്പിച്ചതിനായിരുന്നു അംഗീകാരം. തുടർന്നും മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിക്കാൻ രജിഷയ്ക്കു കഴിഞ്ഞിരുന്നു. ഇപ്പോൾ അഡാർ ട്രാൻസ്ഫർമേഷനുമായി ഞെട്ടിക്കുകയാണ് താരം. 6 മാസം കൊണ്ട് 15 കിലോ ഭാരമാണ് രജിഷ കുറച്ചത്. രജിഷയുടെ ട്രെയിനർ ഫിറോസാണ് ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർമേഷന്റെ വിവരങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ആലപ്പുഴ ജിംഖാനയിലെ താരങ്ങളെ പരിശീലിപ്പിച്ചതും ഫിറോസായിരുന്നു.
‘ഖാലിദ് റഹ്മാന്റെ റഫറൻസിൽ 2024-ലാണ് രജിഷ ആദ്യമായി എന്റെയടുത്ത് വരുന്നത്. അവർ ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയമായിരുന്നു അത്. മുൻപ് ഒരു ഷൂട്ടിങ്ങിനിടെ അവരുടെ ലിഗ്മെന്റുകൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആരംഭിക്കാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടി എത്ര കഷ്ടപ്പെടാനും രജിഷ തയ്യാറായിരുന്നു. 6 മാസം കൊണ്ട് 15 കിലോ ഭാരമാണ് കുറച്ചത്. മസിൽ ലോസ് ഇല്ലാതെയാണ് വണ്ണം കുറച്ചത്. ഇതിനിടെ പരുക്കുകളിലൂടെ കടന്നു പോയെങ്കിലും ഒരിക്കലും രജിഷ പിന്തിരിഞ്ഞില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
അപർണ ബാലമുരളി, അരുൺ കുര്യൻ, ആന്ന ബെൻ, മഞ്ജിമ മോഹൻ ഉൾപ്പെടെയുള്ള താരങ്ങൾ രജിഷയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
രജിഷ കേന്ദ്ര കഥാപാത്രമായി ഒടുവിൽ പുറത്തിറങ്ങിയ മധുര മനോഹര മോഹനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാർത്തി നായകനാകുന്ന തമിഴ് ചിത്രം സർദാർ 2, മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൻ എന്നിവയാണ് രജിഷയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.
