പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് ശനിയാഴ്ച ഉച്ചയോടെ കാണാതായത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് വിവരം. ഇവര്‍ കുഞ്ഞിനെ തിരിച്ചു കൊണ്ടുവന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി പൊലീസ് അന്വേഷണം നടത്തിയത്. രണ്ടുദിവസം മുമ്പാണ് അമ്മയും കുഞ്ഞും ആശുപത്രിയിലെത്തിയത്. കഴിഞ്ഞ 2 ദിവസം മുമ്പ് തൊട്ടടുത്ത ബെഡില്‍ മറ്റൊരു രോഗിയെത്തിയിരുന്നു. അവരുടെ കൂട്ടിരിപ്പുകാരി എന്ന മട്ടിലാണ് കുഞ്ഞിനെ കൊണ്ടുപോയ സ്ത്രീ അവിടെയുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഈ കുട്ടിയുടെ അമ്മയോട് ഭക്ഷണം കഴിച്ചിച്ച് വന്നോളൂ എന്ന് ഇവര്‍ പറഞ്ഞു. ഇവരെ വിശ്വസിച്ച് കുഞ്ഞിനെ ഏല്‍പിച്ച അമ്മ ഭക്ഷണം കഴിക്കാന്‍ പോയി. തിരികെ വന്നപ്പോഴാണ് കുഞ്ഞിനെയും സ്ത്രീയെയും കാണാനില്ലെന്ന് അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും അവര്‍ അഗളി പൊലീസിന വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. കൂട്ടിരിപ്പുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
