കണ്ണൂര്‍: ദുബായിയില്‍ വച്ച് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി. കൊല്ലം, അടിച്ചനെല്ലൂര്‍ സ്വദേശിനിയായ 34 കാരിയുടെ പരാതിയില്‍ കണ്ണൂര്‍, എടച്ചൊവ്വ, താര്‍ റോഡ്, സാരാനാഥില്‍ സവാന്‍ വസന്തന്‍ (43), സഹോദരന്‍ സാരംഗ് വസന്തന്‍ (34), പിതാവ് വസന്തന്‍ (68) എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
2024 ജനുവരി മാസത്തിലാണ് ദുബായിയില്‍ വച്ച് യുവതിയെ സവാന്‍ വസന്തന്‍ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ആഗസ്ത് നാലു മുതല്‍ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനിടയില്‍ ബിസിനസ് തുടങ്ങാനെന്നു പറഞ്ഞ് 12 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പിതാവിന്റെയും സഹോദരന്റെയും സഹായത്തോടെ യുവതിയുടെ കള്ള ഒപ്പിട്ട് വാഹനത്തിനു സ്വകാര്യ വായ്പ തരപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
