തിരുവനന്തപുരം: സിനിമ സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നു കഞ്ചാവ് പിടികൂടി. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന ബേബി ഗേൾ എന്ന ചിത്രത്തിലെ അണിയറപ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ എക്സൈസ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തൽ. തമിഴ്നാട് സ്വദേശിയായ സ്റ്റണ്ട് മാൻ മഹേശ്വറിന്റെ മുറിയിൽ നിന്നാണ് 30 ഗ്രാം കഞ്ചാവ് പിടിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തു. ഒറ്റനോട്ടത്തിൽ ഇംഗ്ലിഷ് ഡിക്ഷണറിയെന്നു തോന്നിക്കുന്ന പെട്ടിക്കുള്ളിലെ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സിനിമ സെറ്റുകളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെക്കുറിച്ച് മഹേശ്വറിൽ നിന്നു വിവരം ലഭിച്ചതായും ചില സിനിമ പ്രവർത്തകർ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
