വരുമാനം പ്രതിമാസം ഒരു കോടി; ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാതെ നീലേശ്വരം സ്റ്റേഷന്‍

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കു കുതിച്ചുപായുന്ന ട്രെയിനുകള്‍ കാണാമെങ്കിലും ട്രെയിന്‍ യാത്ര അസാധ്യമായി തുടരുന്നുവെന്നു ആക്ഷേപം.
ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ കാഞ്ഞങ്ങാട്ടോ, പയ്യന്നൂരിലോ പോകണം. ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതാണ് നീലേശ്വരത്തെ പ്രശ്‌നം. കൂടുതല്‍ വണ്ടികളുടെ സ്റ്റോപ്പും ഗ്രൂപ്പ് ബുക്കിങ്ങും വന്നതിനു ശേഷം സ്റ്റേഷന്റെ പ്രതിമാസ വരുമാനം ഒരു കോടി രൂപക്ക് മുകളിലാണ്. നീലേശ്വരത്തേക്കാള്‍ യാത്രക്കാര്‍ കുറവുള്ള മറ്റുള്ള സ്റ്റേഷനുകളില്‍ ഉത്സവകാല വണ്ടികള്‍ക്കും അവധിക്കാല വണ്ടികള്‍ക്കും സ്റ്റോപ്പ് അനുവദിക്കുമ്പോള്‍ നീലേശ്വരത്തോട് റെയില്‍വെ
കടുത്ത അവഗണയാണ് പുലര്‍ത്തുന്നതെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്സവകാല വണ്ടിക്കും നീലേശ്വരത്ത് സ്റ്റോപ്പില്ല. യാത്രാവണ്ടികള്‍ ഉപയോഗിക്കാത്ത മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോം യാത്രക്കാര്‍ക്ക് അനുയോജ്യമാകുന്ന രീതിയില്‍ നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചെന്നൈ മെയില്‍, അന്ത്യോദയ എക്‌സ്പ്രസ്, എറണാകുളം- ഓഘ എക്‌സ്പ്രസ്, പൂര്‍ണ എക്‌സ്പ്രസ്, വരാവല്‍ -തിരുവനന്തപുരം എക്‌സ്പ്രസ്, എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് തുടങ്ങിയ വണ്ടികള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇതിനിടയില്‍ ദീര്‍ഘകാലം നീലേശ്വരത്ത് സ്റ്റോപ്പ് ഉണ്ടായിരുന്ന ചെന്നൈ മെയിലിന്റെ നീലേശ്വരത്തെ സ്റ്റോപ്പ് നീക്കം ചെയ്യുകയും ചെയ്തു.
പഴയങ്ങാടി, കണ്ണപുരം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ മെയിലിന് സ്റ്റോപ്പ് ഉണ്ട്. നീലേശ്വരത്ത് റെയില്‍വേക്ക് സ്വന്തമായി 30 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും മുക്കാല്‍ഭാഗവും കാടുപിടിച്ചുകിടക്കുകയാണ്. നീലേശ്വരത്ത് പിറ്റ് ലൈന്‍ സ്ഥാപിച്ചാല്‍ കണ്ണൂര്‍ – മംഗലാപുരം എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിക്കുന്ന വണ്ടികള്‍ക്ക് നീലേശ്വരത്ത് നിന്നും യാത്ര തുടങ്ങുവാന്‍ കഴിയും. പിറ്റ് ലൈന്‍ സ്ഥാപിക്കുവാന്‍ ആവശ്യമായ ഭൂമിയും നീലേശ്വരത്തുണ്ട്. നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍, മടിക്കൈ, കോടോം-ബേളൂര്‍, കിനാനൂര്‍ കരിന്തളം, ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി, വലിയപറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലുള്ളവര്‍ പൂര്‍ണമായും കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങള്‍ ഭാഗികമായും നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളായ കോട്ടഞ്ചേരി, കോട്ടപ്പുറം, അഴിത്തല തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് നീലേശ്വരം സ്റ്റേഷനില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാനാകും. കൂടാതെ നിരവധി ആര്‍ട്‌സ് കോളേജുകളും, കാര്‍ഷിക കോളേജ്, കേന്ദ്ര വിദ്യാലയം എന്നിവയും നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നീലേശ്വരത്തെ റെയില്‍വേ പൊലീസ് സ്റ്റേഷനും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark