കണ്ണൂര്‍: പിണങ്ങിപ്പോയ ഭാര്യയെ ഓട്ടോയിടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എളയാവൂര്‍, സൗത്ത് വട്ടപ്പറമ്പ് ഹൗസില്‍ പി.വി പ്രിയ (43)യുടെ പരാതിയില്‍ ഭര്‍ത്താവ് മാണിയൂര്‍, കുന്നുംപുറം, വടക്കേനാവത്ത് സുനില്‍ കുമാറി(53)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്.
മൂന്നു ദിവസം മുമ്പ് ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മില്‍ ഉണ്ടായ കലഹത്തെത്തുടര്‍ന്നാണ് പ്രിയ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് സുനില്‍ കുമാറിനെ പ്രകോപിതനാക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെ പ്രിയ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അക്രമം. എളയാവൂരില്‍ വച്ച് പ്രിയയെ ഓട്ടോയിടിച്ച് വീഴ്ത്തി പെട്രോളൊഴിക്കുകയായിരുന്നു. ലൈറ്റര്‍ തട്ടി മാറ്റി ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടതെന്നു പ്രിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വധശ്രമത്തിനു കേസെടുത്താണ് സുനില്‍ കുമാറിനെ അറസ്റ്റു ചെയ്തത്.
