കണ്ണൂര്‍: മസ്ജിദിന്റെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. കോള്‍തുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂര്‍ മുഹ്യുദീന്‍ ജുമാമസ്ജിദിലെ ഭണ്ഡാരമാണ് ചൊവ്വാഴ്ച രാത്രി തകര്‍ത്തത്. ബുധനാഴ്ച പുലര്‍ച്ചെ സുബ്ഹ് നമസ്‌കാരത്തിന് എത്തിയവരാണ് പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. നഷ്ടപ്പെട്ട പണം എത്രയാണെന്ന് വ്യക്തമല്ല. കമ്മിറ്റി ഭാരവാഹികള്‍ എല്ലാ മാസവും ഭണ്ഡാരം തുറന്ന് പണമെടുക്കാറുണ്ട്.
കഴിഞ്ഞ മാസത്തെ പണം ഈ വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെയാണ് കവര്‍ച്ച നടന്നത്. രണ്ടായിരം രൂപയോളമാണ് മിക്കവാറും ഭണ്ഡാരത്തില്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ റംസാന്‍ മാസത്തില്‍ ഭണ്ഡാരത്തില്‍ കൂടുതല്‍ സംഭാവനകള്‍ വരാറുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു. അതിനാല്‍ വലിയ തുക തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. ഖത്തീബ് അവധിയായതിനാലാണ് ഭാരവാഹികള്‍ ഭണ്ഡാരം തുറക്കാന്‍ വൈകിയത്. കഴിഞ്ഞ വര്‍ഷവും ഇതേ ഭണ്ഡാരം കവര്‍ച്ച ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് പൂട്ടുകളാണ് ഭണ്ഡാരത്തിന് ഘടിപ്പിച്ചത്. രണ്ട് പൂട്ടുകളും തകര്‍ത്താണ് പണം കവര്‍ന്നത്.
മഹല്ല് പ്രസിഡണ്ട് ഹംസ ഹാജിയുടെ പരാതിയില്‍ തളിപ്പറമ്പ പൊലീസ് അന്വേഷണമാരംഭിച്ചു. എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
