കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 6.90 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. ഷിരിബാഗിലു, നാഷണല്‍ നഗറിലെ അഫ്‌സല്‍ മന്‍സലിലെ മുഹമ്മദ് സുഹൈല്‍ (27), എടനാട്, കട്ടത്തടുക്ക, സജങ്കളയിലെ മുഹമ്മദ് റഫീഖ് (39) എന്നിവരെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി 10.15 മണിയോടെ എടനാട്, കട്ടത്തടുക്കയില്‍ വച്ചാണ് അറസ്റ്റ്. എ.എസ്.ഐ മനോജ്, ഡ്രൈവര്‍ കൃഷ്ണ പ്രസാദ്, ഡാന്‍സാഫ് അംഗങ്ങളായ നിജിന്‍, രതീഷ് കാട്ടാമ്പള്ളി എന്നിവര്‍ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. പൊലീസ് സംഘം കട്ടത്തടുക്കയില്‍ എത്തിയപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുമായി യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് പൊലീസിന്റെ സംശയത്തിനു ഇടയാക്കിയത്. ഇരുവരെയും തടഞ്ഞു നിര്‍ത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
