നാരായണന്‍ പേരിയ
‘വമ്പര്‍ക്കു തെളിയാ ദോഷം’ -വമ്പന്‍മാരുടെ ദോഷം തെളിയാത്തതല്ല, അത് ദോഷമാണ് എന്ന് പറയാന്‍ ആരും ധൈര്യപ്പെടുന്നില്ല. ദോഷം മാത്രമല്ല, വമ്പന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും; അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ വിധിക്കാനും, അത് യഥാവിധി നടപ്പാക്കാനും ഉത്തരവാദപ്പെട്ടവര്‍ മുതിരുന്നില്ല. അതിനെതിരെ വിരലനക്കാനോ, നാക്ക് ഇളക്കാനോ പോലും തയ്യാറാകുന്നില്ല; അതാണ് വാസ്തവം. അനുഭവം അതാണ്. നാട്ടില്‍ നടക്കുന്നത്.
നിയമത്തെ കുറിച്ചും നീതിന്യായ സ്ഥാപനങ്ങളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒന്നുമറിയാത്ത മരമണ്ടന്‍ എന്ന് ആക്ഷേപിക്കുമെന്നറിയാം. അംഗീകരിക്കുന്നു. ഞാന്‍ അങ്ങനെ തന്നെ. ഒന്നുമറിയാത്തവന്‍.
എന്നാല്‍, ഇവരോ? ഇത് ശ്രദ്ധിക്കുക: എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഒരു ധനികനെ ഇതുവരെ വധശിക്ഷയ്ക്ക് വിധിക്കാതിരുന്നത്? വധശിക്ഷാര്‍ഹമായ കുറ്റം ചെയ്തിട്ടും? ഒരു ധനികനു ഇതുവരെ വധശിക്ഷ വിധിച്ചിട്ടില്ല എന്ന് പറഞ്ഞത് സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡാണ്. പൂനാ ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിനുള്ള കാരണവും അദ്ദേഹം പറഞ്ഞു. ‘കുറ്റാരോപിതനായ ധനികന് മികച്ച അഭിഭാഷകരെ കിട്ടും ‘തങ്ങളുടെ ഭാഗം വാദിക്കാന്‍.’ അഭിഭാഷകന്മാരുടെ വാദവും അവര്‍ കോടതി സമക്ഷം അവതരിപ്പിക്കുന്ന തെളിവുകളും പരിഗണിച്ചാണല്ലോ ന്യായാധിപന്മാര്‍ വിധി പ്രസ്താവിക്കുന്നത്. സമര്‍ത്ഥരായ അഭിഭാഷകര്‍ക്ക് എത്രകാലം വേണമെങ്കിലും കേസ് നീട്ടിക്കൊണ്ട് പോകാന്‍ കഴിയും. അപ്പോഴേക്കും, അന്വേഷണ ഘട്ടത്തില്‍ കണ്ടെടുത്ത തെളിവുകള്‍ പലതും തേഞ്ഞു മാഞ്ഞു പോയിട്ടുണ്ടാകും. പുനഃ പരിശോധിക്കണം, പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടാല്‍ പിന്നെയും വൈകും. ഇങ്ങനെയൊരു വിപരിണാമം സംഭവിക്കാനിടയുണ്ട്. അതുമല്ല, ആദ്യം കേസ് പരിഗണിച്ച ജഡ്ജി മാറി പോയിട്ടുണ്ടാകും. സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടുണ്ടാകാം. അപ്പോള്‍ വീണ്ടും തുടക്കം മുതല്‍ വിചാരണ നടത്തണം. ജസ്റ്റിസ് ചന്ദ്രചൂഡ് വിശദീകരിച്ചു.
അടുത്തകാലത്ത് നടന്ന ഒരു സംഭവം: 15 കോടിയുടെ കറന്‍സി നോട്ടു കെട്ട് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജ് യശ്വന്ത് വര്‍മ്മയുടെ (സീനിയോറിറ്റിയില്‍ രണ്ടാമന്‍) ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമില്‍ കണ്ടെത്തി. ജഡ്ജിയും കുടുംബവും അവിടെ ഇല്ലാതിരുന്നപ്പോള്‍ സ്റ്റോര്‍ റൂമിന് തീപിടിച്ചു. അഗ്നിശമനസേന വന്ന് തീ കെടുത്തുന്നതിനിടയിലാണത്രെ പണം കണ്ടത്. പണം കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞ മേലുദ്യോഗസ്ഥന്‍ പിന്നെ തിരുത്തിപ്പറഞ്ഞു. ജസ്റ്റിസ് വര്‍മ്മ പരിഗണിക്കുന്ന ഒരു കേസിലെ കക്ഷിക്ക് അനുകൂല വിധിയുണ്ടാക്കാന്‍ വേണ്ടി കൈമാറിയ പണമാണത്രേ അത്. ജസ്റ്റിസ് വര്‍മ്മയെ സ്ഥലം മാറ്റി. മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല വിവാദം പടരുന്നു. ആ ജഡ്ജിനെ ഇവിടെ വേണ്ട എന്ന് പറഞ്ഞ് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുന്നു.
ജഡ്ജിയുടെ വസതിയില്‍ പണമെത്തിക്കുക എന്നത് പുതിയൊരു സംഭവമല്ല. 37 കൊല്ലം മുമ്പ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജഡ്ജി നിര്‍മ്മല്‍ജിത്ത് കൗറിന്റെ ഔദ്യോഗിക വസതിയില്‍ 15 ലക്ഷം രൂപ യടങ്ങിയ ബാഗ് കണ്ടെത്തി. പിന്നാലെ വന്നു മറ്റൊരു വാര്‍ത്ത: അതേ കോടതിയിലെ ജസ്റ്റിസ് നിര്‍മല്‍ യാദവിനു വേണ്ടി കൊണ്ടുവന്ന പണം നിര്‍മ്മല്‍ കൗര്‍ എന്ന ജഡ്ജിയുടെ വസതിയില്‍ വെച്ചതാണ്. അനുകൂല വിധിയുണ്ടാക്കാന്‍ ജസ്റ്റിസ് യാദവിന് കൊടുക്കാന് പണം കൊണ്ടുവന്നത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ സജീവ് ബന്‍സാല്‍ നിര്‍ദേശിച്ചത്പ്രകാരം അദ്ദേഹത്തിന്റെ ക്ലര്‍ക്കാണ്. ജസ്റ്റിസ് നിര്‍മ്മല്‍ യാദവിനും മറ്റു മൂന്നു പേര്‍ക്കും എതിരെ കേസെടുത്തു. 17 കൊല്ലത്തിനുശേഷം സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പറഞ്ഞു. തെളിവില്ലത്രെ. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല; തനിക്കു വേണ്ടി പണം കൊണ്ടുവന്നിട്ടില്ല എന്ന് ജസ്റ്റിസ് യാദവിന്റെ വാദം കോടതി ശരിവെച്ചു. (വാര്‍ത്ത: 30 3 2025ന്റെ പത്രങ്ങളില്‍) സൂപ്പര്‍ കോപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിബിഐ അന്വേഷിച്ച കേസാണ്. നേരറിയാന്‍ സിബിഐ എന്നാണല്ലോ നമ്മുടെ വിശ്വാസം. കാരണമില്ലാതെ 60 കൊല്ലം ജയിലില്‍ കിടക്കേണ്ടി വന്ന ഒരു ആസാംകാരന്‍, പേര് -മച്ചാങ്ങ് ലാലുങ്ങ്-80ാം വയസ്സില്‍ ജയിലില്‍ മരിച്ചു. ഇത്രയും നീണ്ട കാലം തടവില്‍ കഴിയേണ്ടി വന്നു. കേസ് ഫയല്‍ കാണാനില്ല. അതുതന്നെ കാരണം. ആരാണ് ഉത്തരവാദി? സാമ്പത്തികശേഷി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? (വാര്‍ത്ത: മാതൃഭൂമി 3-2-2008)
1963ല്‍ കോട്ടയത്തെ ഒരു കൊലക്കേസില്‍ ഹൈക്കോടതി വിധി പറഞ്ഞു- പ്രതിക്ക് വധശിക്ഷ. അപ്പീല്‍ ഹര്‍ജ്ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. ഡോ. രാധാകൃഷ്ണനായിരുന്നു രാഷ്ട്രപതി. മെത്രാപ്പോലീത്തയുടെ ക്ലാസ്മേറ്റായിരുന്നു ഡോ. രാധാകൃഷ്ണന്‍. ശിക്ഷിക്കപ്പെട്ട പ്രതിയുടെ ബന്ധുക്കള്‍ മെത്രാപ്പോലീത്തയുടെ സഹായം തേടി. മെത്രാപൊലീത്ത തന്റെ പഴയ സഹപാഠിയെ കണ്ടു; കാര്യം സാധിച്ചു. പക്ഷേ, ഇളവ് ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ കേസ് നമ്പര്‍ തെറ്റി. മറ്റൊരാള്‍ക്ക് ഇളവ്. വീണ്ടും രാഷ്ട്രപതി ഇടപെട്ടു. അയാള്‍ക്കും കിട്ടി ഇളവ്. ദൈവത്തിന്റെ കളി എന്ന് സുപ്രീംകോടതി ജഡ്ജി ആയിരുന്ന ജ.കെ.ടി തോമസ് (സോളമന്റെ തേനീച്ചകള്‍-ആത്മകഥ പേജ് 114)
ആര്‍ക്കുവേണ്ടിയാണ് ദൈവം ഇടപെടുന്നത്? വമ്പര്‍ക്ക് തെളിയാ ദോഷം! തെളിഞ്ഞാലും സാരമില്ല; മറയ്ക്കാം.