കാസര്‍കോട്: ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ക്യാമ്പയിന് കാഞ്ഞങ്ങാട്ട് തുടക്കമായി. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ റോഡ് പരിസരത്ത് നടന്ന പരിപാടി ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് ജനമൈത്രി പൊലീസ്, നന്മമരം കാഞ്ഞങ്ങാട് എന്നിവരുടെ സഹകരണത്തോടെയാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. ചെമ്പകം ട്രഷറര്‍ കെ. മാധവന്‍ ആധ്യക്ഷം വഹിച്ചു. റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. രഘുനാഥന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, പുഷ്പ കൊളവയല്‍, എഴുത്തുകാരന്‍ വിനു വേലാശ്വരം സംസാരിച്ചു. ചെമ്പകം സെക്രട്ടറി ദിനചന്ദ്രന്‍ ചീമേനി സ്വാഗതവും ജോയന്റ് സെക്രട്ടറി സി. പത്മനാഭന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മധു ബേഡകം അവതരിപ്പിച്ച ‘മരണമൊഴി’-ഏകപാത്ര നാടകം കാണികളെ കണ്ണീരിലും ചിന്തയിലുമാഴ്ത്തി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തെത്തുടര്‍ന്ന് ഒരു യുവാവിനു സംഭവിച്ച ദുരന്തമാണ് നാടകത്തിന്റെ ഇതിവൃത്തം.
ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ ക്ലാസും നാടകവും തിങ്കളാഴ്ച വൈകിട്ട് 3.30ന് കാസര്‍കോട്ടും 6 മണിക്ക് പാലക്കുന്നിലും നടക്കും. ഉദ്ഘാടന പരിപാടിക്ക് സുജിത്ത് തോക്കാനം, അരുണ്‍ കുമാര്‍ പനയാല്‍, ശാരദ മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
