കാസര്‍കോട്: കാസര്‍കോട് ജില്ല മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ശുചിത്വ ജില്ലാ പ്രഖ്യാപനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. ശുചിത്വത്തിലെന്ന പോലെ പരിസരശുചിത്വത്തിലും ജനങ്ങള്‍ ശ്രദ്ധ പാലിക്കണമെന്നു എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനം ഇനിയും മുന്നേറേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് ജില്ല മാലിന്യമുക്തമായി പ്രഖ്യാപിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഘട്ടംഘട്ടമായുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. മാലിന്യം കൈകാര്യം ചെയ്യുന്ന രീതി ഒരു നാടിന്റെ അഭിവൃദ്ധിയുടെ ലക്ഷണമാണെന്നും അത് നല്ല രീതിയില്‍ നടത്താന്‍ നമ്മുടെ നാടിനു കഴിയണമെന്നും ശാരദ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, പഞ്ചായത്ത് ജോ.ഡയറക്ടര്‍ ജി. സുധാകരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. മണികണ്ഠന്‍, സൈമ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
