കാസര്‍കോട്: കാസര്‍കോടിനും പരിസരപ്രദേശങ്ങള്‍ക്കും 12 ദിവസം ഭക്തിയുടെ അനിര്‍വചനീയ ആത്മീയാനുഭവം പകര്‍ന്നു നല്‍കിയ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മകലശോത്സവവും മൂഡപ്പ സേവയും വിജയകരമായ പരിസമാപ്തിയിലേക്ക്.
ആഘോഷത്തിന്റെ പ്രധാന ചടങ്ങായ മൂഡപ്പ സേവയില്‍ അഭീഷ്ടനായ വിഘ്‌നേശ്വരനെ ആബാലവൃദ്ധം ജനങ്ങള്‍ ഇന്നു പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തിലെത്തി വണങ്ങി.
ഗണപതി ഭഗവാന്റെ ഇഷ്ടഭോജനമായ ഉണ്ണിയപ്പം ശനിയാഴ്ച രാവിലെ തന്നെ ഉണ്ടാക്കിക്കൊണ്ടിരുന്നു. രാത്രി മഹാമൂഡപ്പാധിവാസ ഹോമം ആരംഭിച്ചു. രാത്രി 11 മണിക്കു ഭഗവാനു മൂഡപ്പ സമര്‍പ്പണത്തിനു ശേഷം കവാട ബന്ധനം നടന്നു.
ഞായറാഴ്ച പുലര്‍ച്ചെ കവാടോദ്ഘാടനത്തിനു ശേഷം ഉണ്ണിയപ്പാഭിഷിക്തനായ മധൂര്‍ സിദ്ധിവിനായകന്റെ ദിവ്യദര്‍ശനം ആരംഭിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ആത്മീയ സംഗമങ്ങളും സംഗീത-നൃത്താരാധനകളും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
മഹാമന്ത്രക്ഷത, പ്രസാദ വിതരണം എന്നിവയോടെ തിങ്കളാഴ്ച രാവിലെ ഉത്സവാഘോഷം സമാപിക്കും. വാര്‍ഷിക മഹോത്സവത്തിനുള്ള കുല കൊത്തല്‍ തിങ്കളാഴ്ച രാവിലെ നടക്കും. ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് വാര്‍ഷിക മഹോത്സവം.

🙏🙏🙏