കാസര്‍കോട്: മൊഗ്രാല്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ പരിഷ്‌കാരങ്ങള്‍ യാത്രക്കാരെ പൊറുതിമുട്ടിക്കുന്നെന്നു നാട്ടുകാര്‍ ആശങ്കപ്പെടുന്നു. പരാതി പരിഹരിക്കേണ്ടവര്‍ ആക്ഷേപങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കുകയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഒന്നിലും ഒരു ദീര്‍ഘ വീക്ഷണവും ഇല്ലാതെയാണ് നിര്‍മ്മാണ പ്രവ ര്‍ത്തനങ്ങളെന്നു അവര്‍ പറയുന്നു.
ഒരു ഭാഗത്ത് സര്‍വീസ് റോഡ് അടച്ചിട്ട് 20 ദിവസം പിന്നിടുന്നു. മറുഭാഗത്ത് ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്ന സ്‌കൂള്‍ റോഡിനും, അടിപ്പാതയ്ക്കും സമീപം നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് സ്ഥാപിച്ചിരുന്ന ഹമ്പ് ഒഴിവാക്കി ബാരിക്കേഡ് സ്ഥാപിച്ചു. ഹമ്പ് മാറ്റിയതോടെ ജംഗ്ഷനില്‍ മൂന്ന് ഭാഗത്ത് നിന്നും അമിതവേഗതയില്‍ വാഹനങ്ങള്‍ എത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു. സ്‌കൂള്‍ തുറന്നാല്‍ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകാവുന്ന അപകടസാധ്യത മുന്‍കൂട്ടി കാണണമെന്നും ഹമ്പ് പുനഃസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
