കാസര്‍കോട്: ചെമ്മനാട് സ്ത്രീ തനിച്ച് താമസിക്കുന്ന വീട്ടില്‍ കവര്‍ച്ചാ ശ്രമം. ഭാഗ്യത്തിനാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്നു വീട്ടമ്മ. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
ചെമ്മനാട്ട്, കെന്‍സ് ഓഡിറ്റോറിയത്തിനു സമീപത്തെ ഈക്കോട്ട് ഹൗസില്‍ കമലാക്ഷിയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി ഒരു മണിയോടെ കവര്‍ച്ചാശ്രമം ഉണ്ടായത്. സംഭവത്തെക്കുറിച്ച് കമലാക്ഷി പറയുന്നത് ഇങ്ങനെ: ”ചെറിയ ഓടിട്ട വീട്ടില്‍ വര്‍ഷങ്ങളായി തനിച്ചാണ് താമസം. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മക്കളില്ല. പെന്‍ഷന്‍ കിട്ടുന്നതിനാല്‍ പട്ടിണിയില്ലാതെ പോകുന്നു. ശനിയാഴ്ച രാത്രി പതിവുപോലെ സ്വര്‍ണ്ണമാല ഊരിവച്ച ശേഷം ലൈറ്റുകളെല്ലാം അണച്ചു ഉറങ്ങാന്‍ കിടന്നു. നല്ല ഉറക്കത്തിലായിരുന്നു. ഇടയ്ക്ക് എന്തോ ശബ്ദം കേട്ട് ഉറക്കം ഉണര്‍ന്നു. നോക്കിയപ്പോഴാണ് ഹെഡ്‌ലൈറ്റ് വച്ച ആരോ അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ച് വീട്ടിനകത്ത് കടന്ന കാര്യം അറിഞ്ഞത്. വീട്ടിനകത്തു കടന്ന ആള്‍ അരികിലെത്തി വായ പൊത്തിപ്പിടിച്ച് എവിടെയാണ് പണം വച്ചിരിക്കുന്നതെന്നു ചോദിച്ചു. പറയാതിരുന്നപ്പോള്‍ കൈ കൊണ്ട് തലയില്‍ അടിച്ചു. ഒച്ച വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വായ പൊത്തിയതു കാരണം നേരെ ശ്വാസം വിടാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അയല്‍വാസിയായ രവിയുടെ വീട്ടിലെ നായ നിര്‍ത്താതെ കുരച്ചു കൊണ്ടിരിക്കുകയായിരുന്നു. നായ കുര തുടര്‍ന്നപ്പോള്‍ രവി എഴുന്നേറ്റു ലൈറ്റിട്ടു. ഇതോടെയാണ് വീട്ടിനകത്ത് അതിക്രമിച്ച് കടന്നയാള്‍ എന്റെ വായയിലെ പിടിവിട്ട് ഇറങ്ങിയോടിയത്. അക്രമി പോയതിനു ശേഷം ലൈറ്റിട്ട് മുറ്റത്തിറങ്ങി ഉച്ചത്തില്‍ നിലവിളിച്ചു. ഇതു കേട്ട് രവിയും മറ്റു അയല്‍ക്കാരും ഓടിയെത്തി. അതോടെയാണ് ശ്വാസം വീണത്. അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. രവിയുടെ വീട്ടിലെ നായ കുരച്ചിരുന്നില്ലെങ്കില്‍ എന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നു”-ഭീതിയോടെ കമലാക്ഷി പറഞ്ഞു. കാസര്‍കോടന്‍ മലയാളത്തിലാണ് വീട്ടിലെത്തിയ ആള്‍ പണം ആവശ്യപ്പെട്ടതെന്നു കമലാക്ഷി പറഞ്ഞു. കമലാക്ഷിയെയും വീടിനെയും കുറിച്ച് കൃത്യമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും അതിക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
