ജീവിതത്തില്‍ പ്രതീക്ഷിക്കാതെ നമ്മെ തേടി വരുന്ന ചില അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഉണ്ടാകാറുണ്ട് അല്ലെ.
അതില്‍ പലതും അത്ഭുതപ്പെടുത്തുന്നതും ആകര്‍ഷിക്കപ്പെടുന്നതുമൊക്കെ ആകാറുണ്ട്.
അങ്ങനെ ഉണ്ടായ ഒരനുഭവമാണിത്. 1984ല്‍ ആണ് ഈ സംഭവം നടക്കുന്നത്.
ജോസ് നാഞ്ഞിലത്ത് എന്ന ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ അവിചാരിതമായി എന്നെ കാണാന്‍ വന്നു.
മോറല്‍ സ്‌കൂള്‍ പരിപാടിയെക്കുറിച്ച് എന്നോട് പറയാനും ആ വിഷയത്തെ പരിചയപ്പെടുത്താനുമായിരുന്നു ആ വരവ്.
വേള്‍ഡ് വിഷന്‍ എന്ന ഇന്റര്‍നാഷണല്‍ സംഘടന നടത്തുന്ന ‘മോറല്‍ സ്‌കൂളുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുസ്തക പ്രകാശന ചടങ്ങ് കോട്ടയത്തെ കെ.കെ. റോഡിലുള്ള ചേമ്പേര്‍സില്‍ വെച്ച് നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതിന്റെ കൂടെ വേറൊരു നിര്‍ദ്ദേശം കൂടി മുന്നോട്ടു വെച്ചു. ഈ പരിപാടിയില്‍ ക്ലാസെടുക്കുന്നതിന്.
പ്രവര്‍ത്തകന്മാരെ പരിശീലിപ്പിക്കാന്‍ കൈപ്പുസ്തകങ്ങളും പാഠപുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അവയുടെ പ്രകാശന ചടങ്ങില്‍ റഹ്‌മാന്‍ മാഷ് പങ്കെടുക്കണം. കേട്ടപ്പോള്‍ തന്നെ ഞാന്‍ സമ്മതമറിയിച്ചു. കാരണം പല ചടങ്ങുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ആദ്യമായാണ്. സന്മാര്‍ഗബോധവും സര്‍ഗാത്മകതയും വളര്‍ത്താന്‍ സാധ്യതയുള്ള ഒരു പടിയാണിതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറായി. അഞ്ച് ദിവസം വിവിധ വിഷയങ്ങളിലൂന്നിയ വസ്തുതകള്‍ കളിയിലൂടെയും അഭിനയത്തിലൂടെയും കഥകളിലൂടെയും പാട്ടിലൂടെയും കുട്ടികളെ ബോധവല്‍ക്കരിക്കുന്ന ഒരു സമീപനമാണ് മോറല്‍ സ്‌കൂള്‍ വഴി നടക്കുകയെന്നും എനിക്കു ബോധ്യമായി.
മോറല്‍ സ്‌കൂളിന്റെ ലക്ഷ്യവും പ്രവര്‍ത്തന ശൈലിയും ഏറെ ഇഷ്ടമായതിനാല്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
അവര്‍ തന്നെ ചെറുവത്തൂരില്‍ നിന്നും കോട്ടയത്തേക്കും അവിടന്ന് തിരിച്ചുമുള്ള ട്രയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു തന്നു. കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ എന്നെ പിക്കപ്പ് ചെയ്യാനുള്ള വണ്ടിയും റെഡിയായിട്ടുണ്ടായിരുന്നു. കെ.കെ. റോഡിലുള്ള ചേമ്പേര്‍സിലെത്തി. ഹാളില്‍ പ്രവര്‍ത്തകന്മാരെല്ലാം എത്തിയിട്ടുണ്ട്.
സ്റ്റേജിലേക്ക് കണ്ണോടിച്ചപ്പോള്‍ പരിചിതമുള്ള ഒരു വനിതയെ കണ്ടു. അതേവരെ പത്രമാധ്യമങ്ങളില്‍ വന്ന ഫോട്ടോയിലേ അവരെ കണ്ടിട്ടുള്ളു. വയലാര്‍ രവിയുടെ ഭാര്യ ശ്രീമതി മേഴ്‌സി രവിയായിരുന്നു ആ വനിത.
മോറല്‍ സ്‌കൂളിന് വേണ്ടി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് നടത്തുന്നത് ഞാനും ഏറ്റുവാങ്ങുന്നത് ശ്രീമതി മേഴ്‌സി രവിയാണെന്നും അനൗണ്‍സ് ചെയ്യുന്നത് കേട്ടു. ആശംസക്ക് നാലഞ്ചു പേരുണ്ട്.
കുറഞ്ഞ വാക്കുകള്‍ സംസാരിച്ച് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഏറ്റു വങ്ങിയ മേഴ്‌സി രവിയും പ്രസംഗം ചുരുക്കി.
മൂന്ന് വിധത്തിലുള്ള പുസ്തകങ്ങളാണ് അന്ന് പ്രസിദ്ധീകരിച്ചത്. മൂന്ന് നാല് ക്ലാസുകാരായ കുട്ടികള്‍ക്കു വേണ്ടി ലഘുകഥകളും പാട്ടുകളും അടങ്ങിയ ‘കാവേരി ‘ എന്ന പുസ്തകം. അഞ്ച്, ആറ്, ഏഴ് ക്ലാസുകാരായ കുട്ടികള്‍ക്കു വേണ്ടി
‘ നര്‍മ്മദ ‘ എന്ന പുസ്തകവും എട്ട്, ഒണ്‍ പത്,പത്ത് ക്ലാസ്‌കാരായ കുട്ടികള്‍ക്കുവേണ്ടി ‘നൈല്‍’ എന്ന പുസ്തകവും.
നദിയുടെ പേരില്‍ ഗ്രൂപ്പു തിരിച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.
കാലം നാല് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും മധുരമുള്ള ആ ഓര്‍മ്മ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.
സാമ്പത്തിക ഉച്ചനീചത്വങ്ങളും വര്‍ണ വര്‍ഗ വ്യത്യാസങ്ങളും മതസംഘര്‍ഷങ്ങളും ഇല്ലാതാക്കി മനുഷ്യന്‍ ഒന്നാണെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാനുള്ള പഠനാനുഭവങ്ങളാണ് ക്ലാസില്‍ നടന്നത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി വേനലവധിക്കാലത്ത് മൂന്നുവര്‍ഷത്തോളം മോറല്‍ സ്‌കൂളുകള്‍ സംഘടിപ്പിച്ചിരുന്നു.
ഇപ്പോള്‍ ആ പ്രവര്‍ത്തനം അത്യാവശ്യമാണെന്ന് തോന്നിപ്പോവുന്നു. ധാര്‍മ്മികബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിസമൂഹത്തെ ഉണര്‍വ്വു നല്‍കി നന്മയുടെ പാതയിലേക്ക് കൊണ്ടുവരാന്‍ മോറല്‍ സ്‌കൂളുകള്‍ക്ക് കഴിയുമായിരുന്നു. സത്യത്തില്‍ ഇപ്പോഴത്തെ ഈ സാഹചര്യത്തിലാണ് അത്തരം സ്‌കൂളുകളും പഠനരീതികളും ആവശ്യമുള്ളതെന്ന് തോന്നുന്നു. മാതാപിതാക്കളെയും ഗുരുനാഥന്മാരേയും ആദരിക്കാനും, ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടുപോകാതിരിക്കാനുമുള്ള ഉല്‍ബോധനമാണ് കഥകളിലൂടെ പാട്ടുകളിലൂടെ കുട്ടികളില്‍ എത്തിക്കാന്‍ ശ്രമിച്ചത്.
മദ്യവും മയക്കുമരുന്നും നിഷിദ്ധമാക്കേണ്ടതാണെന്നും വായനയിലൂടെ സ്വയം വളര്‍ന്ന് പുതുലോകം പണിതുയര്‍ത്താന്‍ കുഞ്ഞുമനസ്സുകള്‍ സജ്ജമാകണമെന്നും പഠിപ്പിക്കുന്നതായിരുന്നു മോറല്‍ സ്‌കൂളുകള്‍.
