മ്യാന്മര്: മ്യാന്‍മറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്‍ന്നു. 2,376 പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തെ ഭരണകക്ഷിയായ ഭരണകൂടം അറിയിച്ചു.
മധ്യ മ്യാന്‍മറിലെ സാഗൈങ്ങ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി വെള്ളിയാഴ്ച ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി.
നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.
കെട്ടിങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. ഭൂചലനത്തില്‍ മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്റെലെ തകര്‍ന്നടിഞ്ഞു. യുണൈഡ് സ്റ്റേറ്റ്‌സ് ജിയോളജില്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റെലെയില്‍ നിന്ന് 17.2 കിലോമീര്‍ അകലെയുളള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മറില്‍, രാജ്യത്തെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നായ മാസോയാനെ മൊണാസ്ട്രി ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു , നയ്പിഡാവിലെ മുന്‍ രാജകൊട്ടാരത്തിനും സര്‍ക്കാര്‍ ഭവനത്തിനും കേടുപാടുകള്‍ സംഭവിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നു.
അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 100 ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
