കാസര്‍കോട്: വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബങ്കര, മഞ്ചേശ്വരം, കാളികാംബ ക്ഷേത്രത്തിനു സമീപത്തെ പരേതനായ ജനാര്‍ദ്ദന ആചാര്യയുടെ ഭാര്യ സുഗുണ (77)യാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ വീട്ടിനകത്തു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്തെ ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. ഉപ്പള ഫയര്‍ഫോഴ്‌സ് സ്ഥ ലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്ത് മംഗല്‍പാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അസുഖത്തിനു ചികിത്സയിലായിരുന്നു സുഗുണ. ഇതില്‍ മനംനൊന്തായിരിക്കും കിണറ്റില്‍ ചാടിയതെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മക്കള്‍: പാണ്ഡുരംഗ ആചാര്യ, സൗമിനി, ഗീത പുഷ്പലത. മരുമക്കള്‍: ഉഷ, നാഗേഷ് ആചാര്യ (കോട്ടേക്കാര്‍), ജനാര്‍ദ്ദന ആചാര്യ (മഞ്ചേശ്വരം), രവിശങ്കര ആചാര്യ(മംഗ്‌ളൂരു). സഹോദരങ്ങള്‍: കമലാക്ഷി, തിലോത്തമ, ശ്രീമതി, ലളിത, വല്ലി, പരേതനായ സോമനാഥ ആചാര്യ.
