കുഞ്ഞപ്പു, സുലൈമാന്റെ പീടികയില്‍ നിന്ന് ഒരു ഗ്ലാസ് ചായയും കുടിച്ച് ബീഡിയും പുകച്ചിരിക്കുന്നതിനിടയിലാണ് കണ്ണനും രാമനും ചന്തുവും അമ്പുവും അവിടേക്ക് കടന്നു വന്നത്. എല്ലാവരും പീടികയിലേക്ക് കയറുമ്പോള്‍ തന്നെ ഓരോ ചായക്ക് ഓഡര്‍ നല്‍കിയിരുന്നു.
ചായ കയ്യിലെത്തും മുമ്പ് വന്നവരും ഇരുന്നവരും നാട്ടുവര്‍ത്തമാനത്തിലേക്ക് കടന്നു.
എന്റെ പൊന്ന് മനുഷ്യന്മാരെ ഞാന്‍ ഇന്നലെ ഒരു കാഴ്ച കണ്ടു. എന്നാലോ അതങ്ങനെ പറയാനും പറ്റില്ല. പലതും പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് തലയ്ക്ക് കയ്യടിച്ചു കൊണ്ട് കുഞ്ഞപ്പു ഒരു വഷളന്‍ ചിരിയോടെ അത് പറഞ്ഞത്.
അത് കേട്ട എല്ലാവരും ആശ്ചര്യത്തോടെ കുഞ്ഞപ്പുവിനെ നോക്കി.
‘നീയിങ്ങനെ മനുഷ്യനെ മുള്‍മുനയില്‍ നിര്‍ത്താതെ കാര്യം പറ കുഞ്ഞപ്പു’, ചന്തു അല്പം ആകാംഷയോടെ പറഞ്ഞു.
നമ്മള്‍ ഉണ്ടാക്കിക്കൊടുത്ത ചുമടുതാങ്ങിക്കടുത്താണ് സംഭവം. ‘എന്താണ്.?’ അതും കൂടെ കേട്ടതോടെ എല്ലാവരും ഒപ്പം ചോദിച്ചു. ചുമടുതാങ്ങിയില്‍ വിറക് കെട്ടും വെച്ച് പെണ്ണുങ്ങളെല്ലാം പറങ്കിമാവിന്‍ തണലില്‍ വിശ്രമിക്കുകയായിരുന്നു.
നട്ടുച്ച സമയം. ‘ആ എന്നിട്ട്’. കേള്‍ക്കാനുള്ള ആകാംക്ഷയില്‍ പലരും പറഞ്ഞു തീരും മുമ്പേ ചോദ്യം ആവര്‍ത്തിച്ചു.
ഞാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. പെണ്ണുങ്ങളെല്ലാം വര്‍ത്തമാനത്തില്‍ മുഴുകിയിരിക്കുകയാണ്.
അവര്‍ ആരെയും ശ്രദ്ധിക്കുന്നില്ല. അതില്‍ പ്രായം കുറഞ്ഞ ഒരു സ്ത്രീയുടെ ഇരുത്തവും അതിന്റെ വിശദീകരണവും
കൊണ്ട് കുഞ്ഞപ്പു ഉച്ചത്തിലെ ഒരു ചിരിയും ചീറ്റിപ്പോവുകയായിരുന്നു. ‘ഓ ഇതാണോ വല്ല്യ കാര്യം’. ഒട്ടും താല്പര്യമില്ലാത്ത മട്ടിലായിരുന്നു ചന്തുവിന്റെ മറുപടി.
കുറച്ചു ദിവസങ്ങളായി ആണ്ടിയെ കവലയില്‍ ഒന്നും കാണാത്തതിനാല്‍ എല്ലാവരും കൂടെ ഒരന്വേഷണമെന്ന രീതിയില്‍ ആണ്ടിയുടെ വീട്ടിലേക്കു ചെന്നു. സഹോദരിയുടെ അസുഖം ഭേദമായതിനാല്‍ ആണ്ടി സന്തോഷവാനാണ്. സ്‌കൂളിന് വേണ്ടി സ്ഥലം നല്‍കുന്നതിനെക്കുറിച്ചു വീട്ടുകാരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയിട്ടുണ്ട്.
മകന്‍ കണ്ണന്റെ വിവാഹ കാര്യം ശരിയാക്കണം. പാറ്റ നടത്തിയ പ്രാര്‍ത്ഥന നടത്തണം.
ഇതെല്ലാം കൂടി ചിന്തിച്ചിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടെ കടന്നു വരവ്.
എല്ലാവരേയും കണ്ടപ്പോള്‍ പാറ്റ വരാന്തയിലേക്ക് കടന്നുവന്നു. എല്ലാവരോടുമായി പാറ്റ പറഞ്ഞു.
‘ഞാന്‍ നേര്‍ച്ച നേര്‍ന്ന തെയ്യ കാര്യം ആദ്യം നടക്കട്ടെ. അതിന് ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കാം’.
ആണ്ടിക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യമില്ലെങ്കിലും പാറ്റയുടെ ആഗ്രഹം നിവൃത്തിച്ചു കൊടുക്കുന്നതില്‍ സന്തോഷമേയുള്ളു.
പാറ്റയുടെ ആവശ്യം കേട്ടപ്പോള്‍ കൊല്ലന്‍ അമ്പു,അവിടെ കൂടി നിന്നവരോട് ഭാര്യയുടെ പ്രാര്‍ത്ഥനക്കാര്യം പറഞ്ഞു.
ഓലയില്‍ വെച്ച് ചുട്ടെടുത്ത മഴുവിന് മൂര്‍ച്ച കൂട്ടാന്‍ ആഞ്ഞടിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഇടത് കൈ അറിയാതെ ചുട്ടുപഴുത്ത മഴുവിന്റെ അരുകില്‍ തട്ടിപ്പോയി. കൈപൊള്ളി. നാടന്‍ ചികില്‍സ കൊണ്ട് ഭേദമായി. പക്ഷേ അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും പൈങ്കുറ്റി കഴിക്കാന്‍ നേര്‍ച്ചയും പറഞ്ഞിരുന്നു. എനിക്കും ആണ്ടിയെ പോലെ ഇത്തരം നേര്‍ച്ചകളിലൊന്നും വിശ്വാസമില്ലെങ്കിലും അവള്‍ പറഞ്ഞത് കൊണ്ട് ഞാനതിന് വഴങ്ങി കൊടുത്തു.’
ഇത് കേട്ടപ്പോള്‍ പാറ്റയ്ക്ക് സന്തോഷമായി. തലകുലുക്കി കൊണ്ട് അമ്പു പറഞ്ഞതിനെ കൂടുതല്‍ കരുത്തുള്ളതാക്കി.
ആണ്ടിക്കും അത് കേട്ടപ്പോള്‍ അല്പം താത്പര്യം വന്നു. എന്തായാലും പാറ്റ നേര്‍ച്ച പറഞ്ഞതല്ലേ അത് വേഗം നടക്കട്ടെ. പിന്നീടാവാം മറ്റ് കാര്യങ്ങളൊക്കെ. ആദ്യം തെയ്യം കെട്ടുകാരനെ കാണണം. അടയാളം കൊടുക്കണം പിന്നെ തിയ്യതി നിശ്ചയിക്കണം. ഇക്കാര്യങ്ങള്‍ നമുക്കിപ്പോള്‍ തന്നെ ചെയ്യാം. ആണ്ടി പറഞ്ഞു നിര്‍ത്തുമ്പോഴേക്കും അത് ശരി വെച്ചു കൊണ്ട് എല്ലാവരും പുറത്തേക്കിറങ്ങി. പാറ്റയ്ക് സന്തോഷമായി.
ആണ്ടി ഇക്കാര്യത്തിന് ഇറങ്ങിയതാണ് പാറ്റയ്ക്ക് ഏറെ ആശ്വാസമായത്. കതിവന്നൂര്‍ തെയ്യക്കോലം കെട്ടുന്നതില്‍ പ്രഗത്ഭനാണ് ഉണ്ടയമ്പുമണക്കാടന്‍’. അദ്ദേഹത്തെ കാണാനാണ് എല്ലാവരും ചെന്നത്. മണക്കാടന്‍ നാടന്‍
ബാലചികില്‍സകനുമാണ്. എല്ലായിടത്തു നിന്നും അദ്ദേഹത്തെ അന്വേഷിച്ചു ആളുകള്‍ വരാറുണ്ട്.
രോഗം മൂര്‍ഛിച്ച കുഞ്ഞുങ്ങളെ കയ്യില്‍ വാങ്ങി ഒന്നുതടവും. കണ്ണും വായയും നോക്കും. ഉടനെ രോഗാവസ്ഥ മനസ്സിലാക്കും. നാടന്‍ മരുന്നുകള്‍ ശേഖരിച്ച് അദ്ദേഹം തന്നെ നിര്‍മ്മിപ്പെടുക്കുന്ന കഷായം, നെയ്യ്, എന്നുവ കൊണ്ടാണ് ചികില്‍സ നടത്തുക. ചില മരുന്നുകള്‍ സന്ധികളില്‍ തൊട്ടു വെച്ചാല്‍ പെട്ടെന്ന് തന്നെ പിഞ്ചു കുട്ടികളുടെ ശ്വാസംമുട്ട്, ചുമ എന്നിവയ്ക്ക് പരിഹാരമാകും. കൊച്ചുകുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറ് വേദനയ്ക്ക് മരുന്ന് നാവില്‍ തൊട്ടു വെച്ചാല്‍ പോലും ശമനം കിട്ടും. ഇതൊക്കെ നാടുമുഴുവന്‍ അറിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അമ്പു മണക്കാടന് എന്നും തിരക്കാണ്. ആണ്ടിയും കൂട്ടുകാരും എത്തുമ്പോള്‍ തിരക്കൊഴിഞ്ഞ സമയമായിരുന്നു. വീട്ടുമുറ്റത്തെ കളത്തില്‍ ഉണ്ടായിരുന്ന ബെഞ്ചില്‍ എല്ലാവരും ഇരുന്നു. ‘എന്താ വിശേഷിച്ച് എല്ലാവരും ഉണ്ടല്ലോ.’
എല്ലാവരെയും കൂടെ ഒരുമിച്ചു കണ്ടപ്പോള്‍ മണക്കാടന്‍ അന്വേഷിച്ചു. നമ്മുടെ ആണ്ടിയുടെ വീട്ടില്‍ കതിവന്നൂര്‍ വീരന്‍ കെട്ടിയാടണമെന്ന് ഒരു നേര്‍ച്ചയുണ്ട്. അതിന്റെ തിയ്യതിയും മറ്റും നിശ്ചയിക്കാനാണ് ഞങ്ങള്‍ വന്നത്. കുഞ്ഞപ്പു തന്നെ കാര്യം വിശദമാക്കി. ഓ.. എങ്കില്‍ നിങ്ങളുടെ സൗകര്യം പറഞ്ഞോളൂ.
മൂന്നു ദിവസം വേണമല്ലോ ‘അതെ’. അടുത്ത മാസം ആദ്യ ആഴ്ച ആയാലോ.? കുഞ്ഞപ്പു തന്നെ ഒരു ദിവസം പറഞ്ഞു.
അത് കേട്ടപ്പോള്‍ മണക്കാടന്‍ കലണ്ടര്‍ നോക്കാന്‍ അകത്തേ പോയി. ‘ മെയ് 5, 6, 7 തിയ്യതികളില്‍ ആവാമോ? മീനം 28, 29, 30 മലയാള മാസവും. തിരിച്ചു വന്ന മണക്കാടന്‍ എല്ലാവരോടുമായി ചോദിച്ചു.
‘ആയിക്കോട്ടെ.’ അപ്പോള്‍ തന്നെ ആണ്ടി സമ്മതമറിയിച്ചു.കയ്യില്‍ കരുതിയതുക അടയാളവും കൊടുത്ത് എല്ലാവരും തിരിച്ചു. വീട്ടിലെത്തിയിട്ട് ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നും പറഞ്ഞു ആണ്ടി മുന്നില്‍ നടന്നു.
ചെല്ലുമ്പോഴേക്കും പാറ്റേട്ടി എല്ലാവര്‍ക്കുമായി ചായറെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. ഏപ്രില്‍ മാസത്തെ നല്ല ചൂടായിരുന്നു. വീട്ടില്‍ കയറിയ ഉടനെ എല്ലാവരും ആവശ്യപ്പെട്ടത് സമ്പാരം വെള്ളമായിരുന്നു. കറവ ഉണ്ടായതിനാല്‍ പാലിനും മോരിനും പഞ്ഞമുണ്ടായിരുന്നില്ല. പാറ്റ പെട്ടെന്ന് സമ്പാരമുണ്ടാക്കിക്കൊടുത്തു.
പിന്നാലെ ചായയും അവില് കുഴച്ചതും. അതിനിടയില്‍ പോയ കാര്യം പാറ്റയോട് കുഞ്ഞപ്പു പറയുകയും ചെയ്തു.
മെയ് 5, 6, 7 തിയ്യതികളിലാണ് തെയ്യം കെട്ടിയാടാന്‍ തീരുമാനിച്ചത്. ഇനി അതിന്റെ തയ്യാറെടുപ്പുകള്‍ വേണം. ബന്ധുക്കളെയും വേണ്ടപ്പെട്ടവരേയും വിളിക്കണം. ഭക്ഷണം എത്രപേര്‍ക്ക് വേണമെന്ന് നിശ്ചയിക്കണം. അതിനു വേണ്ട സാമ്പത്തികം കണ്ടെത്തണം.
‘അതെല്ലാം നടക്കും’ അത് കേട്ടപ്പോള്‍ ആത്മവിശ്വാസത്തോടെ ആണ്ടിപറഞ്ഞു.
എല്ലാവര്‍ക്കും സന്തോഷമായി. ആണ്ടിയുടെ പെങ്ങള്‍ക്കായി നീക്കിവെച്ച സ്ഥലത്ത് തെയ്യത്തിന് വേണ്ട സൗകര്യം ചെയ്തു കൊടുക്കാം. അസൈനര്‍ക്കായുടെ പുരയുടെ നേരെ മുന്നിലാണ് പ്രസ്തുത സ്ഥലം.
അദ്ദേഹത്തിന് വിരോധമൊന്നുമുണ്ടാവില്ല. ഒന്നാം ദിവസം രാത്രി തെയ്യം കൂടും. തോറ്റം മാത്രമെ അന്നുണ്ടാവൂ.
രണ്ടാം ദിവസമാണ് പ്രധാന തെയ്യം. അന്ന് ഉച്ചയ്ക്ക് വന്ന എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കണം.
നാടുമുഴുവന്‍ ആണ്ടിയുടെ വീട്ടില്‍ നടക്കുന്ന തെയ്യത്തെക്കുറിച്ചറിഞ്ഞു.
അങ്ങനെ എല്ലാം ഒരുങ്ങിക്കഴിഞ്ഞു. ആണ്ടിയുടെ പെങ്ങളും മകള്‍ മാലതിയും മൂത്ത മകന്‍ കണ്ണനും സജീവമായി. അയല്‍ദേശങ്ങളില്‍ നിന്നു പോലും നിരവധിയുവാക്കളും തെയ്യത്തിന് രണ്ടാം ദിവസം രാത്രി എത്തിയിട്ടുണ്ട്. ചെറുപ്പക്കാരുടെ ലക്ഷ്യം തെയ്യം കാണുന്നതിനുമപ്പുറം ചിലത് കൂടിയുണ്ട്. നാട്ടിന്‍പുറത്തെ ചെറുപ്പക്കാരികളെ കാണലും ആസ്വദിക്കലുമാണ് ലക്ഷ്യം. ചെറിയ ആണ്‍പിള്ളേരെ കൂട്ടിപ്പിടിച്ച് നടക്കുന്ന യുവാക്കളേയും ഇത്തരം തെയ്യ സ്ഥലങ്ങളില്‍ അന്ന് സുലഭമായി കാണും. ഒരു ഗാംഗായിട്ടാണ് അവരുടെ വരവും ഇടപെടലും. ആണ്‍പിള്ളേരെയും കൂട്ടി അവര്‍ എവിടേക്കെങ്കിലും മാറിപോവും. അവര്‍ എത്തുന്നത് തന്നെ.
കിളയില്‍ നിന്ന് ഉയരത്തിലാണ് അസിനാര്‍ക്കയുടെ വീട്ടിലേക്ക് പോകാനുള്ള ഗേറ്റ്.
കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ സ്റ്റെപ്പുണ്ട് ഗേറ്റിന്. അവിടെ കയറി നിന്നാല്‍ ആണ്ടിയുടെ പറമ്പില്‍ നടക്കുന്ന തെയ്യങ്ങളെയും കാഴ്ചക്കാരെയുമെല്ലാം കാണാം. അസിനാര്‍ക്കയുടെ വീട്ടിലുള്ള സ്ത്രീകളെല്ലാം ഗേറ്റിന്റെ സ്റ്റെപ്പില്‍ കയറി നിന്ന് തെയ്യം കാണും.
ഈ ഗേറ്റിന്റെ തൊട്ടടുത്ത് ഒരു പശമരമുണ്ട്. ഏപ്രില്‍ മാസത്തില്‍ മരംനിറയെ പഴുത്തു തുടുത്ത ഇളംമഞ്ഞ നിറമുള്ള പശക്കായ ഉണ്ടാവും. തെയ്യം കാണാന്‍ വന്ന പിള്ളേരൊക്കെ പകല്‍ സമയത്ത് പശമരത്തിന്റെ കീഴെയായിരിക്കും.
ചിലര്‍ കയറി പറിക്കും ചിലര്‍ എറിഞ്ഞിടും. നല്ല രുചിയുള്ള പഴമാണിത്.
ആളും ബഹളവുമുള്ളതിനാല്‍ പശപ്പഴം തിന്നാന്‍ രാത്രിയില്‍ കുറുക്കന്മാര്‍ വരില്ല. അല്ലെങ്കില്‍ രാത്രിയില്‍ പശമരത്തിന്റെ ചോട്ടില്‍ കുറുക്കന്മാരുടെ ബഹളമായിരിക്കും. രാവിലെ ചെന്നു നോക്കുമ്പോള്‍ കുറുക്കന്മാരുടെ കാഷ്ടം കാണാം. അക്കാലത്തെ കുറുക്കന്മാര്‍ ദ്രോഹമൊന്നും ചെയ്യാറില്ല. പ്രക്കാനത്തിന്റെ കിഴക്കുള്ള കുന്നിന്റെ പേര് കുറുക്കന്‍കുന്ന് എന്നാണ്. അവിടെയാണ് ഇവയുടെ വാസം. തെയ്യം കൂടിയ രണ്ടാം ദിവസം അസിനാര്‍ക്കയുടെ മകളുടെ കുഞ്ഞുമോന് വല്ലാത്ത വയറ് വേദന തുടങ്ങി. കുട്ടി നിര്‍ത്താതെ കരയുന്നു. എല്ലാവരും അവന്റെ കരച്ചിലടക്കാന്‍ പാടുപെട്ടു.
വയറില്‍ നിന്ന് പോയ്ക്കൊണ്ടേയിരിക്കുന്നു. അതിന് വല്ലാത്തൊരു ദുര്‍ഗന്ധവും.
ഇവന് അസുഖം വന്നാല്‍ മണക്കാടനെയാണ് കാണിക്കുന്നത്. അദ്ദേഹം തെയ്യം കെട്ടി ആടുകയാണ്. നാളെ ഉച്ചകഴിഞ്ഞേ മുടി അഴിക്കൂ. അത് വരെ കുട്ടിയെ പൊറുപ്പിക്കണം. കുട്ടിയുടെ പിടച്ചില്‍ കണ്ട് ആരും ഉറങ്ങിയില്ല.
കുട്ടിയുടെ രോഗ കാര്യം മണക്കാടന്റെ സഹായികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
മുടി അഴിച്ച ഉടനെ അവിടെക്ക് വരുമെന്ന് സഹായികള്‍ ഉറപ്പ് നല്‍കിയിരുന്നു. പറഞ്ഞപ്രകാരം മുടി അഴിച്ച് ഡ്രസ് മാറ്റിയ ഉടനെ അദ്ദേഹം വീട്ടിലെത്തി കുട്ടിയെ വാങ്ങി മടിയിലിരുത്തി. അത്യാവശ്യ മരുന്ന് അദ്ദേഹം കയ്യില്‍ കരുതിയിരുന്നു.
മരുന്ന് നല്‍കി അല്പം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടികരച്ചില്‍ നിര്‍ത്തി. അസുഖം സുഖമാവുകയും ചെയ്തു
അത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി.

Very interesting