കാസര്‍കോട്: ഓട്ടോ യാത്രയ്ക്കിടയില്‍ യുവതിയുടെ ഒന്നേ മുക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള മോഷ്ടിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഉപ്പള, മണ്ണംകുഴിയിലെ മുഹമ്മദ് സാക്കിബി (22)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയിലെ ഒരു ജ്വല്ലറിയില്‍ നടത്തിയ പരിശോധനയില്‍ മോഷണം പോയ വള കണ്ടെടുത്തു. 91,000 രൂപയ്്ക്കാണ് വള വില്‍പ്പന നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.
മാര്‍ച്ച് 24ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ഉപ്പള, കോടിബയലിലെ ആയിഷത്ത് മിയാസയാണ് പരാതിക്കാരി. ആനക്കല്ലിലുള്ള ഉമ്മയുടെ വീട്ടിലേയ്ക്ക് പോകാനാണ് പരാതിക്കാരി ഉപ്പളയില്‍ എത്തിയത്. മുഹമ്മദ് സാക്കിബിന്റെ ഓട്ടോയില്‍ കയറി ആനക്കല്ലിലെത്തിയ യുവതി പഴ്‌സ് അടങ്ങിയ ബാഗ് ഓട്ടോയില്‍ വച്ചാണ് വീട്ടിനകത്തേയ്ക്ക് പോയത്. വേഗത്തില്‍ തിരിച്ചെത്തുകയും ചെയ്തു. മടക്കയാത്രയ്ക്കിടയില്‍ ഓട്ടോ ഹൊസങ്കടിയില്‍ എത്തിയപ്പോള്‍ തനിക്ക് അത്യാവശ്യം മറ്റൊരു ഓട്ടം പോകാനുണ്ടെന്നു പറഞ്ഞ് പരാതിക്കാരിയെ മുഹമ്മദ് സാക്കിബ് പാതിവഴിയില്‍ ഇറക്കിവിട്ടു. യുവതി മറ്റൊരു ഓട്ടോയില്‍ ഉപ്പളയിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരിക്കെ പഴ്‌സ് തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണ്ണവള നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. ഉടന്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. ഓട്ടോയുടെ നമ്പരും പരാതിക്കാരി പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യാത്രക്കാരിയുടെ സ്വര്‍ണ്ണവള അടിച്ചുമാറ്റിയത് മുഹമ്മദ് സാക്കിബ് ആണെന്നു കണ്ടെത്തി അറസ്റ്റു ചെയ്തത്.

👍👍