കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കയ്യാര്‍ വില്ലേജില്‍ വിമുക്തഭടന്മാര്‍ക്കു വേണ്ടി നീക്കിവച്ചിരുന്ന രണ്ടേക്കര്‍ രണ്ടു സെന്റ് സ്ഥലത്തിനു വ്യാജ പട്ടയം ഉണ്ടാക്കി തട്ടിയെടുക്കുകയും 41 വര്‍ഷത്തിനു ശേഷം അതിനു തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നികുതിയടച്ച ശേഷം വീണ്ടും ആള്‍മാറാട്ടം നടത്തി വിറ്റു കോടികള്‍ തട്ടിയെടുക്കുകയും ചെയ്തതായി ആരോപണം.
സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ തട്ടിയെടുത്തു വില്‍പ്പന നടത്തുന്ന വന്‍മാഫിയ സംഘം ജില്ലയില്‍ ഇപ്പോഴും വിലസുന്നുണ്ടെന്നു ഇതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്കും, ലാന്റ്് റവന്യു കമ്മീഷണര്‍ക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കി.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പരാതിക്കാരനായ കയ്യാര്‍ സ്വദേശിയും റിട്ട. വില്ലേജ് ഓഫീസറുമായ മുഹമ്മദ് കുഞ്ഞിയെ വ്യാഴാഴ്ച രാവിലെ പെര്‍മുദെ പെട്രോള്‍ പമ്പിനടുത്തുവെച്ചു കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി (60)യെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തലചായ്ക്കാന്‍ ഭൂമി ഇല്ലാത്ത ഒരാള്‍ പോലും സംസ്ഥാനത്തുണ്ടാകാതിരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കേ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ പിടികൂടുന്നതിനു വേണ്ടിയാണ് മുഹമ്മദ് കുഞ്ഞി ഇക്കാര്യം അധികൃതരെ അറിയിച്ചത്. അധികൃതര്‍ അതു ചുവപ്പു നാടയില്‍ കെട്ടിമുറുക്കി വച്ചിരിക്കുകയാണെന്നു പറയുന്നു. അതിനിടെയാണ് പരാതിക്കാരനെ വകവരുത്താന്‍ ഭൂമാഫിയ- മണല്‍ മാഫിയ സംഘം നീക്കമാരംഭിച്ചിട്ടുള്ളതെന്നു പരാതിയുണ്ട്.
മഞ്ചേശ്വരം താലൂക്കിലെ കൂടാല്‍ മേര്‍ക്കള വില്ലേജിലെ റിസര്‍വെ നമ്പര്‍ 25/1 എ2ബിയില്‍പ്പെട്ട രണ്ട് ഏക്കര്‍ രണ്ട് സെന്റ് സ്ഥലം 21-07-1982നാണ് കൂടാല്‍ മേര്‍ക്കള ചേവാര്‍ വീട്ടിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് കുഞ്ഞി എന്നയാള്‍ക്കു പതിച്ചു നല്‍കിയതായി വ്യാജ രേഖ ഉണ്ടാക്കിയതെന്നു വീജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. വിമുക്ത ഭടന്മാര്‍ക്കു നല്‍കുന്നതിനു വേണ്ടി മാറ്റി വച്ച സ്ഥലമായിരുന്നു ഇത്.
എന്നാല്‍ ഈ വിലാസത്തില്‍ ഒരാള്‍ കൂടാല്‍മേര്‍ക്കളയിലോ ചേവാറിലോ ഇല്ലെന്ന് നാട്ടുകാര്‍ നേരത്തെ കണ്ടെത്തുകയും അധികൃത കേന്ദ്രങ്ങളില്‍ അറിയിക്കുകയും ചെയ്തിരുന്നതായി സംസാരമുണ്ട്.
പട്ടയം സംബന്ധിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 2023 വരെ സ്ഥലത്തിനു നികുതി അടയ്ക്കുകയോ, തണ്ടപ്പേര്‍ രജിസ്റ്ററില്‍ വസ്തു വിവരം ചേര്‍ക്കുകയോ ചെയ്തിരുന്നില്ല. 2023ല്‍ ആണ് വസ്തുവിനു മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ നിന്നു തണ്ടപ്പേര്‍ രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റും വില്ലേജ് ഓഫീസില്‍ നിന്നു നികുതി അടച്ച രസീതും ലഭിക്കുന്നത്. അതിനു ശേഷം ഇതേ സ്ഥലത്തിലെ ഒന്നര ഏക്കര്‍ സ്ഥലം ഒരാള്‍ക്കും 20 സെന്റും 10 സെന്റും മറ്റു രണ്ടുപേര്‍ക്കും വില്‍ക്കുയും ചെയ്തു. വസ്തു വില്‍പ്പന നടത്തിയത് ബാഡൂര്‍ വില്ലേജിലെ ബൊള്‍മാരെ ഹൗസിലെ അബ്ദുള്ളയുടെ മകന്‍ ബി എ മുഹമ്മദ് കുഞ്ഞിയായിരുന്നു. ആധാരത്തില്‍ ആള്‍മാറാട്ടം നടത്തിയതു ആധാര്‍കാര്‍ഡ് ഉണ്ടായതിനാലാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നു പറയുന്നു. ആധാര്‍കാര്‍ഡ് നിലവില്‍ വന്ന ശേഷം വസ്തു കൈമാറ്റത്തിന് ആധാര്‍കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കിയതിനാലാണ് അക്കാര്യം കണ്ടെത്താന്‍ കഴിഞ്ഞതെന്നു സൂചനയുണ്ട്.
വിമുക്തഭടന്മാര്‍ക്കു നല്‍കാന്‍ റിസര്‍വ് ചെയ്തിരുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ഇത്തരത്തില്‍ ജനിച്ചിട്ടുപോലുമില്ലാത്തവരുടെ പേരില്‍ വ്യാജമായി പതിച്ചു വിറ്റു കാശാക്കുന്ന മാഫിയാസംഘം ഇപ്പോഴും സജീവമാണെന്ന് ആരോപണമുണ്ട്.
റവന്യു ജീവനക്കാരും റവന്യു മാഫിയകളും ഒത്തു ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം കൊള്ളക്കെതിരെ അധികൃത നടപടികള്‍ ഉണ്ടാകാത്തതു മാഫിയ പ്രവര്‍ത്തനം ഉഷാറാക്കുന്നുണ്ട്.
മുഹമ്മദ് കുഞ്ഞിയെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു മണല്‍ മാഫിയ ഉള്‍പ്പെടെ തട്ടിപ്പു സംഘത്തിലെ നാലുപേരുണ്ടെന്ന് ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് കുഞ്ഞി അധികൃതരെ അറിയിച്ചിട്ടുണ്ട്.വ്യാജമായി പതിച്ചെടുത്ത് ആള്‍മാറാട്ടത്തിലൂടെ വിറ്റ സര്‍ക്കാര്‍ ഭൂമിക്ക് രണ്ടുകോടിയോളം രൂപ മാഫിയാസംഘം കീശയിലാക്കിയിട്ടുണ്ടെന്നു പറയുന്നു. ഇവിടെ ഒരു സെന്റ് ഭൂമിക്ക് 65,000രൂപ മാര്‍ക്കറ്റ് വിലയുണ്ടെന്നു നാട്ടുകാര്‍ പറയുന്നുണ്ട്.
